പൊലീസിനെയും ഡ്രൈവറെയും മര്‍ദ്ദിച്ച സൈനികന്‍ അറസ്റ്റില്‍
1 min read
തിരുവനന്തപുരം : കല്ലറയില്‍ പൊലീസിനേയും ഡോക്ടറേയും ആശുപത്രിയിലെ വനിതാ ജീവനക്കാരേയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് സൈനികനെ അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് സ്വദേശി വിമലിനെയാണ് അറസ്റ്റ് ചെയ്തത്. വിമലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട് ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ ചങ്ങറയില്‍ നിന്നാണ് വിമലിനെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പത്ത് മണിയ്ക്ക് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ കാലിലെ മുറിവിന് ചികിത്സയ്‌ക്കെത്തിയപ്പോഴായിരുന്നു വിമല്‍ വേണുവിന്റെ അതിക്രമം. മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിയിലുണ്ടായതാണോയെന്ന് ഡോക്ടറും ജീവനക്കാരും ചോദിച്ചതിന് പിന്നാലെയായിരുന്നു അസഭ്യവര്‍ഷം. ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെയെത്തിയ രണ്ട് പൊലീസുകാരെയും വിമല്‍ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ടാക്‌സി കാറില്‍ എത്തിയായിരുന്നു വിമലിന്റെ പരാക്രമം. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നും പൊലീസ് പറയുന്നു. പരിശോധനയ്ക്കായി കാര്‍ തടഞ്ഞ് നിര്‍ത്തിയെങ്കിലും നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. വിമല്‍ എവിടെ, ഏത് റാങ്കിലാണ് ജോലി ചെയ്യുന്നതെന്നറിയാന്‍ പൊലീസ് പാങ്ങോട് സൈനിക ക്യാന്പിന് അപേക്ഷ നല്‍കി. ഭാര്യവീടായ പത്തനംതിട്ടയിലാണ് വിമല്‍ താമസിക്കുന്നതെന്നാണ് പൊലീസിന് കിട്ടിയ വിവരം.