വിവാഹം കഴിയ്ക്കാന്‍ ആവശ്യപ്പെട്ട് കാമുകിയെ മര്‍ദ്ദിച്ചു
1 min readഭോപ്പാല്‍: മധ്യപ്രദേശിലെ റേവയില്‍ 19കാരിയായ കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെതിരെ കര്‍ശന നടപടിയുമായി പൊലീസ്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ 24 കാരനായ പങ്കജ് ത്രിപാഠി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകി വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ മര്‍ദ്ദിച്ചത്. സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇയാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി. മൌഗഞ്ചിലെ ധേര ഗ്രാമ സ്വദേശിയാണ് ഇയാള്‍. ഇയാളുടെ വീട് അനധികൃത ഭൂമിയിലാണ് നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടോടെ മിര്‍സാപൂരില്‍ വെച്ചാണ് ത്രിപാഠിയെ അറസ്റ്റ് ചെയ്തതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഡ്രൈവറായ ഇയാളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ മൗഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോ?ഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. തന്നെ വിവാഹം കഴിക്കാന്‍ യുവതി കാമുകനോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് പ്രകോപിതനായ യുവാവ് വീഡിയോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും കാമുകിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മുഖത്തടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലും മുഖത്തും ആവര്‍ത്തിച്ച് ആഞ്ഞുചവിട്ടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ ഇയാള്‍ പൊക്കിയെടുത്ത് നിലത്ത് നിര്‍ത്തി. പീഡനത്തിനിരയായ യുവതിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ഇയാള്‍ യുവതിയെ മര്‍ദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെയും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ആദ്യം പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.