കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമം; വിടാതെ പിന്തുടര്‍ന്ന് പിടികൂടിയത് കഞ്ചാവ് മൊത്തക്കച്ചവടക്കാരെ

1 min read

പാലക്കാട് : രഹസ്യവിവരത്തെ തുടര്‍ന്ന് പാലക്കാട് ചന്ദ്രാനഗര്‍ കൂട്ടുപാതയില്‍ കാത്തിരുന്ന പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ കഞ്ചാവ് മൊത്തവിതരണക്കാരെ വിടാതെ പിന്തുടര്‍ന്ന് പിടികൂടി. പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ സംഘം നാല് കിലോ കഞ്ചാവും മൊബൈല്‍ ഫോണും ഉപേക്ഷിച്ചിരുന്നു. പൊലീസിനെ കണ്ട് അമിത വേഗതയില്‍ സംഘം രക്ഷപ്പെടാന്‍ നോക്കിയെങ്കിലും സാഹസീകമായ പിന്തുടര്‍ന്ന പൊലീസ് സംഘം രണ്ട് പേരെ പിടികൂടുകയായിരുന്നു.

പാലക്കാട് നഗരത്തില്‍ വര്‍ഷങ്ങളായി പൊലീസിനേയും എക്‌സൈസിനേയും കബളിപ്പിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ മണിമാരന്‍ മകന്‍ സനോജ് (26), അശോകന്‍ മകന്‍ അജിത് (25) എന്നിവരാണ് പൊലീസിനെ വെട്ടിച്ച് കടഞ്ഞ് കളയാന്‍ ശ്രമിച്ചത്. എന്നാല്‍ പിന്തുടര്‍ന്ന പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.എന്നാല്‍, ഇവര്‍ ഉപേക്ഷിച്ച കഞ്ചാവ് കണ്ടെത്താനായില്ല. ഇതിനായുള്ള അന്വേഷണം നടക്കുന്നു.

ആന്ധ്രപ്രദേശില്‍ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി പാലക്കാട് നഗരത്തില്‍ വില്‍പ്പന നടത്തിയിരുന്നതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസില്‍ കൂടുല്‍ പേര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഏറെ തിരക്കുള്ള സ്ഥലങ്ങളാണ് പ്രതികള്‍ കഞ്ചാവ് കച്ചവടത്തിനായി തെരഞ്ഞെടുക്കുന്നത്. ലോക്ക്ഡൗണ്‍ വന്നതിന് ശേഷം നിരവധി യുവാക്കളാണ് ലഹരി വസ്തുക്കളുടെ വില്‍പ്പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നവരെ പറ്റി കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് ജില്ലാ പോലീസ് മേധാവി R വിശ്വാനാഥിന്റെ നിര്‍ദ്ദേശാനുസരണം പാലക്കാട് എഎസ്പി എ ഷാഹുല്‍ ഹമീദിന്റെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ രാജീവ് എന്‍ എസ് , എസ്.ഐമാരായ അനീഷ് എസ്, ജഗ്മോഹന്‍ ദത്ത, രംഗനാഥന്‍ എ, എഎസ്‌ഐമാരായ ഷാഹുല്‍ ഹമീദ്, രമേഷ്, എസ്സിപിഒമാരായ ശിവാനന്ദന്‍, ആര്‍ രാജീവ്, മാര്‍ട്ടിന്‍, സിപിഒമാരായ ജയപ്രകാശ്, ബാലചന്ദ്രന്‍, അശോകന്‍, ഷിജു, ബിജു, ഹോം ഗാര്‍ഡ് വേണുഗോപാല്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

Related posts:

Leave a Reply

Your email address will not be published.