പണം തിരികെ ചോദിച്ച യുവാവിനെ മര്‍ദ്ദിച്ച് പണം തട്ടി: നാല് പേര്‍ അറസ്റ്റില്‍
1 min readകോഴിക്കോട്: യുവതി കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പണം തട്ടിയ സംഭവത്തില്‍ യുവതിയടക്കം നാല് പേര്‍ അറസ്റ്റിലായി. കോഴിക്കോട് പാളയം പുഷ്പ മാര്‍ക്കറ്റിലെ തൊഴിലാളി ബേപ്പൂര്‍ ബി സി റോഡ് ശ്രീസായിയില്‍ പുതിയേടത്ത് പറമ്പ് ശ്രീജ (40), നോര്‍ത്ത് ബേപ്പൂര്‍ കൈതവളപ്പ് കൊങ്ങന്റകത്ത് പ്രനോഷ് (26), ബേപ്പൂര്‍ മാണിക്കോത്ത് പറമ്പ് ചേക്കിന്റകത്ത് സുഹൈല്‍ (24), വെസ്റ്റ് മാഹി തായാട്ടില്‍ അഖിനേഷ് എന്ന അപ്പു (26) എന്നിവരാണ് ബേപ്പൂരില്‍ അറസ്റ്റിലായത്.
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ ശ്രീജ തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ച് വരുത്തി മര്‍ദ്ദിച്ചു എന്നാണ് പരാതിയെന്ന് പൊലീസ് പറയുന്നു. ഒളവണ്ണ സ്വദേശിയായ യുവാവില്‍ നിന്ന് ശ്രീജ 6,500 രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും നല്‍കിയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം രാവിലെ പണം തിരികെ തരാമെന്ന് പറഞ്ഞ് യുവാവിനെ ശ്രീജയുടെ ബി സി റോഡിലെ ഫ്‌ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. യുവാവ് എത്തിയതിന് പിന്നാലെ ഫ്‌ലാറ്റിലെത്തിയ മറ്റ് പ്രതികള്‍ പരാതിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കൊപ്പം നിര്‍ത്തി വീഡിയോയും ഫോട്ടോയും എടുക്കുകയും ചെയ്തതായും യുവാവ് പരാതിയില്‍ പറയുന്നു.
ഇനിയും പണം തിരികെ ചോദിച്ചാല്‍ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ പക്കലുണ്ടായിരുന്ന 2,000 രൂപ സംഘം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാളെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. ഇതോടെ യുവാവ് ബഹളം വച്ചപ്പോള്‍ വാതില്‍ തുറന്ന് വിടുകയായിരുന്നു. അറസ്റ്റിലായ നാല് പ്രതികളെയും കോഴിക്കോട് കോടതി റിമാന്‍ഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.