വരാപ്പുഴയില്‍ അഞ്ചംഗ കുടുംബത്തെ കാണാതായിട്ട് നാല് വര്‍ഷം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാര്‍
1 min readകൊച്ചി: എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ അഞ്ചംഗ കുടുംബത്തെ കാണാതായിട്ട് നാലു വര്‍ഷം. തമിഴ്‌നാട് സ്വദേശികളായ കുടുംബത്തെ വീടുപണി നടക്കുന്നതിനിടെയാണ് കാണാതായത്. 2500 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള വീടിപ്പോള്‍ കാട് കയറി നശിക്കുകയാണ്. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാണ് സംഭവത്തില്‍ നാട്ടുകാരുടെ ആക്ഷേപം.
പണി പൂര്‍ത്തിയാകാറായ വലിയ വീട്ടുമുറത്ത് ഇന്നോവ കാറുമിട്ടാണ് ചന്ദ്രന്‍ എന്ന വ്യക്തിയും കുടുംബവും ഇവിടെ നിന്ന് പോയത്. തമിഴ്‌നാട് സ്വദേശികളായ ഇവരെ കുറിച്ച് തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ അന്വേഷിച്ചെങ്കിലും ഒരു അറിവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഏഴ് സെന്റ് വസ്തുവും വീടും കാറും ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കേരളം ഇഷ്ടമായി ഇവിടെ താമസമാക്കുന്നുവെന്ന് പറഞ്ഞാണ് 2018ല്‍ ചന്ദ്രന്‍ വരാപ്പുഴ ഒളനാടില്‍ സ്ഥലം വാങ്ങി വീട് വെച്ചത്. ആ വീടിപ്പോള്‍ കാട് കയറി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറി. കൊച്ചിയില്‍ വസ്ത്രവ്യാപാര കച്ചവടം നടത്തുന്ന ചന്ദ്രന്‍ 2500 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള വീടാണ് നിര്‍മ്മിച്ചത്.
ഈ വീടിന്റെ 80 ശതമാനം പണി പൂര്‍ത്തിയായപ്പോഴാണ് ആ വര്‍ഷം ഓഗസ്റ്റില്‍ പ്രളയമുണ്ടായത്. അതിന് ശേഷവും ചന്ദ്രന്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ നാട്ടില്‍ പോയി ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങി വരാമെന്ന് പറഞ്ഞ് ചന്ദ്രന്‍ കാറും ഇവിടെ ഇട്ട് പോയി. പക്ഷേ 4 വര്‍ഷം കഴിഞ്ഞിട്ടും ഇവരെ പറ്റി ഒരു വിവരവുമില്ല. വസ്തു വാങ്ങിയ സമയത്ത് നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ മേല്‍വിലാസത്തില്‍ സോഴവാരം, തിരുവേര്‍ക്കാട് എന്നായിരുന്നു. ഭാര്യയുടെ പേര് കണ്ണകി എന്നും.
പലതവണ നാട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഒരു വിവരവുമില്ല. തുടര്‍ന്ന് നാട്ടുകാര്‍ നേരില്‍ പോയി അന്വേഷിച്ചിട്ടും ഒരു സൂചനകളും കണ്ടെത്താനായില്ല. രണ്ട് വട്ടം നാട്ടുകാര്‍ വരാപ്പുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ നടപടികളും എങ്ങുമെത്തിയില്ല. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബം എവിടെ പോയി എന്നതില്‍ വ്യക്തത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.