മദ്യപിച്ച് വാഹനമോടിച്ച് കേസിലെ പ്രതികള്‍ പോലീസുകാരെ അക്രമിച്ച് പോലൂസ് സ്‌റ്റേഷന്‍ അടിച്ച് തകര്‍ത്തു

1 min read

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് പിന്നാലെ തിരുവനന്തപുരത്ത് മറ്റൊരു പൊലീസ് സ്റ്റേഷന്‍ കൂടി അടിച്ച് തകര്‍ത്തു. ഇത്തവണ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അറസ്റ്റിലായി പ്രതികളാണ് പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്തത്. ഇന്നലെ രാവിലെ മദ്യലഹരിയില്‍ കാറോടിച്ച യുവാക്കള്‍ സ്‌ക്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. ഇതില്‍ ഒരാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ മറ്റ് രണ്ടുപേരും കൂടി സ്റ്റേഷനിലെത്തുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസിനെ ഉള്‍പ്പടെ അക്രമിക്കുകയും പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുകയായിരുന്നു. മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷന്‍ അക്രമണത്തില്‍ ജി ഡി ചാര്‍ജുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ആനി, പാറാവുകാരന്‍ വിഷ്ണ, അലോഷ്യസ് എന്നീ പൊലീസുകാര്‍കര്‍ക്ക് പരിക്കേറ്റു.

സംഭവം പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ പേയാട് നിന്നും തച്ചോട്ടുകാവ് വഴി കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിടിച്ച് ആക്റ്റീവ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മധ്യവയസ്‌കന് സാരമായ പരിക്കേറ്റു. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി. ഇതിനിടെ കാറിലുണ്ടായിരുന്ന നെയ്യാറ്റിന്‍കര മരുതത്തൂര്‍ ഇരുമ്പില്‍ എസ് എം നിവാസില്‍ എം അരുണ്‍ (30), മാറനല്ലൂര്‍ കുവളശ്ശേരി കോടന്നൂര്‍ പുത്തന്‍വീട്ടില്‍ ഹരീഷ് (26) എന്നിവര്‍ ബസില്‍ കയറി രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന കാരാംകോട് സ്വദേശി ഷിജു (37) വിനെ പൊലീസ് മലയന്‍കീഴ് ജംഗ്ഷനില്‍ വച്ച് കസ്റ്റഡിയിലെടുത്തു.

ഷിജുവിനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് അരുണും ഹരീഷും പൊലീസ് സ്റ്റേഷനിലെത്തി. മദ്യപിച്ചിരുന്ന ഇവര്‍ സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരില്ലെന്ന് മനസിലാക്കിയതോടെ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. സ്റ്റേഷനിലെത്തി ബഹളം വെച്ച ഇരുവരും ഷിജുവിനെ വിടണമെന്ന് ആവശ്യപ്പട്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന കംപ്യൂട്ടര്‍, വയര്‍ലെസ്സ് സെറ്റ് എന്നിവ അടിച്ചു തകര്‍ത്തു. കൂടാതെ ജി ഡി ചാര്‍ജുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ആനിയുടെ കഴുത്തിന് പിടിച്ച് ആക്രമിച്ചു. ബഹളം കേട്ട് എത്തിയ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണുവിനെയും സംഘം ആക്രമിച്ചു.

വിഷ്ണുവിന്റെ യൂണിഫോം വലിച്ച് കീറിയ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സമയം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന അലോഷ്യസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബഹളം കേട്ട് വിശ്രമ മുറിയില്‍ നിന്നും ഓടിയെത്തി അക്രമികളെ കടന്നു പിടിച്ചെങ്കിലും അലോഷ്യസിന്റെ കൈ അക്രമികള്‍ അടിച്ച് തകര്‍ത്തു. ഒടുവില്‍ മൂന്ന് പേരെയും കീഴടക്കി പൊലീസ് സ്റ്റേഷനിലെ സെല്ലില്‍ അടച്ചു. എന്നാല്‍, സെല്ലില്‍ വച്ച് മദ്യലഹരിയിലായിരുന്ന ഷിജു തല സ്വയം ചുമരിലടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെയും റിമാന്റ് ചെയ്തു. പാറാവുകാരന്‍ വിഷ്ണു, വനിതാ പൊലീസ് ആനി. ആലോഷ്യസ് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമിക ചികിത്സ നല്‍കി. കാര്‍ ഇടിച്ച് ഗുരുതരപരിക്കേറ്റ കീഴാറൂര്‍ സ്വദേശി ശശി (50) യെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ടു കൈയ്ക്കും ഇടതുകാലിനും ഗുരുതര പരിക്കുണ്ട്.

Related posts:

Leave a Reply

Your email address will not be published.