ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയു പ്രവര്‍ത്തകന്‍ മര്‍ദിച്ചെന്ന് പരാതി

1 min read

ആലപ്പുഴ: സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ ഉടമയായ സി ഐ ടി യു പ്രവര്‍ത്തകനും സഹായിയും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സി പി.എം ആലപ്പുഴ മുല്ലക്കല്‍ ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കല്‍ നന്മ റെസിഡന്‍സ് അസോസിയേഷന്‍ ട്രഷററുമായ സോണി ജോസഫിനാണ് (37) മര്‍ദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രാഞ്ച കമ്മറ്റി അംഗവും സി ഐ ടി യു മുന്‍ കണ്‍വീനറുമായ ടി എ സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേ കേന്ദ്രീകരിച്ച് നിരവധി തവണ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് കരുതുന്നു.

ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. ആലപ്പുഴ അഗ്‌നിരക്ഷാ നിലയത്തിന് സമീപം വാഹനത്തില്‍ എത്തിയ സോണി ജോസഫിനെ തടഞ്ഞ് നിര്‍ത്തിയാണ് ഹോം സ്റ്റേ നടത്തിപ്പുകാരനും തിരുമല ബി ബ്രാഞ്ച് കമ്മറ്റി അംഗമായ തിരുമല പോഞ്ഞിക്കരയില്‍ ടി എ സുധീറും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നെഞ്ചിനും നടുവിനും പരിക്കുണ്ട്. അഗ്‌നിരക്ഷാനിലയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

ഹോംസ്റ്റേ കേന്ദ്രീകരിച്ച് നേരത്തെയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്ന് വാര്‍ഡ് കൗണ്‍സിലറും റസിഡന്റ്‌സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് ഹോംസ്റ്റേ പൂട്ടിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ ഹോം സ്റ്റേ പ്രവര്‍ത്തിപ്പിക്കുന്ന സി ഐ ടി യു തൊഴിലാളി ഹോംസ്റ്റേ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിപ്പുകാരനെ നേരില്‍ കണ്ട് അനാശാസ്യ പ്രവര്‍ത്തങ്ങള്‍ പാടില്ലെന്ന് താക്കീത് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം സോണി ജോസഫിനെ അക്രമിക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.