നിരോധിത കീടനാശിനി ഉപയോഗിച്ചു; പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതയെന്ന് പരാതി

1 min read

അമ്പലപ്പുഴ: പാടശേഖരത്ത് നിരോധിത കീടനാശിനി ഉപയോഗിച്ചതായി പരാതി. ഇതേ തുടര്‍ന്ന് പരിസരവാസികളില്‍ നവജാത ശിശുക്കളടക്കമുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തകഴി പഞ്ചായത്ത് പത്താം വാര്‍ഡ് കുന്നുമ്മയില്‍ 50 ഏക്കറോളമുള്ള വടവടി പാടശേഖരത്താണ് നിരോധിത കീടനാശിനി ഉപയോഗിച്ചതായി ആക്ഷേപമുയര്‍ന്നത്. രണ്ട് വര്‍ഷമായി കൃഷിയില്ലാതെ കിടന്ന പാടശേഖരമാകെ പോള നിറഞ്ഞ നിലയിലായിരുന്നു. പോള നശിപ്പിക്കാനായി നിരോധിത കീടനാശിനി ഇവിടെ ഉപയോഗിച്ചതായാണ് പ്രദേശവാസികളുടെ പരാതി. ഇതോടെയാണ് പരിസരവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിത്തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. പവര്‍ സ്‌പ്രേ ഉപയോഗിച്ച് പാടശേഖരത്ത് നിരോധിത കീടനാശിനി തളിച്ചതോടെ 500 മീറ്ററിലധികം ദൂരത്തിലാണ് പ്രത്യാഘാതമുണ്ടായത്.

കൃഷിയിടങ്ങളില്‍ പവര്‍ സ്‌പ്രേ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കെയാണ് ഈ പാടശേഖരത്ത് ഇത് ഉപയോഗിച്ചതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. പാടശേഖരത്തിന്റെ തൊട്ടടുത്തുള്ള വീട്ടുകാര്‍ക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ചെന്നല്ലൂര്‍ വിജയന്റെ ഭാര്യ ലതയ്ക്ക് കടുത്ത ശ്വാസം മുട്ടലും കഫക്കെട്ടുമായി ദിവസങ്ങളോളം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ വീട്ടിലെ രണ്ട് നവജാത ശിശുക്കള്‍ ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതുകൂടാതെ ഈ വീട്ടിലുണ്ടായിരുന്ന ചെടികളെല്ലാം നിരോധിത കീടനാശിനി തളിച്ചതിന് പിന്നാലെ കരിഞ്ഞുണങ്ങി. സമീപത്തെ കര്‍ഷകന്‍ കൂടിയായ ഒറ്റത്തെങ്ങില്‍ അലന്റെ നിരവധി കരകൃഷിയും കരിഞ്ഞുണങ്ങി നശിച്ചു. 150 ലധികം വാഴത്തൈകള്‍, പയര്‍, മത്ത, കപ്പ, മറ്റ് ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയും കരിഞ്ഞുണങ്ങി. കൃഷി നശിച്ചതിലൂടെ ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. നിരോധിത കീട നാശിനി ഉപയോഗിച്ചത് മൂലം പാടശേഖരമാകെ എണ്ണമയം നിറഞ്ഞ് കിടക്കുകയാണ്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്നും പരിസരവാസികള്‍ പറയുന്നു. നിരോധിത കീടനാശിനി ഉപയോഗിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

Related posts:

Leave a Reply

Your email address will not be published.