കാറില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടിയ സംഭവം

1 min read

തിരുവനന്തപുരം: പൂന്തുറയില്‍ കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി. പൂന്തുറ ബരിയ നഗര്‍ മില്‍ കൊളനിയില്‍ അബ്ദുള്ള (25) ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം ബദരിയ നഗറില്‍ വെച്ച് വില്‍പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് കാറില്‍ നിന്ന് കണ്ടെത്തിയ കേസില്‍ മുഖ്യ പ്രതിയാണ് അബ്ദുള്ള. കഞ്ചാവുമായി വരുന്ന വഴി പൊലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കോവളത്ത് നിന്ന് പൂന്തുറ പൊലീസാണ് പിടികൂടിയത്.

സംഭവത്തില്‍ ഇയാളുടെ കൂട്ടാളിയായ പൂന്തുറ പെരുനെല്ലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്തതില്‍ നിന്നും അബ്ദുള്ളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. അബ്ദുള്ള സ്‌കൂളുകള്‍ കേന്ദ്രീകരിക്ക് ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നും ഇയാളുടെ വീട്ടില്‍ കഞ്ചാവ് ശേഖരിച്ച്, ചെറിയ പാക്കറ്റുകളിലാക്കി സ്‌ക്കൂള്‍ പരിസരങ്ങളിലും മറ്റും വില്‍പന നടത്തി വരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൂന്തുറ പൊലീസ് പറയുന്നു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ കോവളത്ത് നിന്നും പിടികൂടിയത്. ശംഖുമുഖം പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.കെ. എഥ്വിരാജിന്റെ നിര്‍ദ്ദേശ പ്രകാരം പുന്തുറ എസ് എച്ച് ഒ പ്രദീപ് ജെ, എസ് ഐ അരുണ്‍കുമാര്‍ വി ആര്‍, എ എസ് ഐ സുധീര്‍, എസ് സി പി ഒ ബിജു ആര്‍ നായര്‍, സി പി ഒമാരായ ശ്യാം ബാനു, രാഗേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാള്‍ക്ക് എതിരെ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് കേസ്സുകളെ കുറിച്ചും, കഞ്ചാവിന്റെ സ്രേതസ്സിനെ കുറിച്ചും അന്വേഷണം നടത്തി വരുന്നതായി ശംഖുമുഖം പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.