അപകടത്തില്‍പ്പെട്ട കാറില്‍ 1 ലക്ഷം രൂപയുടെ തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്തു

1 min read

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വില്‍പനയ്ക്കായി കൊണ്ട് പോയ ലക്ഷങ്ങള്‍ വിലയുള്ള തിമിംഗല ഛര്‍ദി പിടി കൂടി. സംഭവത്തില്‍ ഇരട്ട സഹോദരങ്ങളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രാമം വയലില്‍ പുത്തന്‍വീട്ടില്‍ ദീപു, ദീപക് എന്നിവരെയാണ് വനം വകുപ്പിന്റെ പിടിയിലായത്. സംഭവത്തില്‍ ചവറ സ്വദേശി മനോജ്, മാര്‍ത്താണ്ഡം സ്വദേശി മരിയദാസ് എന്നിവര്‍ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു. പ്രതികളില്‍ നിന്ന് അഞ്ചേ മുക്കാല്‍ കിലോ തിമിംഗല ഛര്‍ദിയാണ് കണ്ടെത്തിയത്. ആറ്റിങ്ങല്‍ കല്ലമ്പലത്ത് വച്ച് പ്രതികള്‍ അടങ്ങുന്ന സംഘം സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതോടെ ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു.

അപകട വിവരം അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തിയതോടെ ഭയന്ന് പോയ പ്രതികള്‍ വാഹനത്തില്‍ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന തിമിംഗല ഛര്‍ദി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിനിടയില്‍ സംഘത്തിലെ രണ്ട് പേര്‍ പിന്നാലെ വന്ന മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പട്ടു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സംഘം ഇരട്ട സഹോദരങ്ങളെ തടഞ്ഞ് വെച്ചു. തുടര്‍ന്ന് ഇവര്‍ വലിച്ചെറിഞ്ഞ പൊതികള്‍ പൊലീസ് പരിശോധിച്ചു.

ഇതേ തുടര്‍ന്നാണ് കരിഞ്ചന്തയില്‍ ഏറെ ഡിമാന്‍ഡുള്ള ഒന്നായ ആംബര്‍ ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദിയാണ് ഇവര്‍ വലിച്ചെറിഞ്ഞതെന്ന് പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വരുത്തി ഇവരെ കൈമാറുകയായിരുന്നു. തിമിംഗല ഛര്‍ദ്ദി തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് നിന്നും എത്തിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കി. കഴക്കൂട്ടത്ത് എത്തിച്ച് വില്‍ക്കാനായിരുന്നു നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് രഹസ്യ വിപണിയില്‍ കിലോയ്ക്ക് 10 ലക്ഷം രൂപ വിലയുണ്ട്.

Related posts:

Leave a Reply

Your email address will not be published.