ലോഡ്ജില്‍ ചായ കിട്ടാത്തതിനെ തുടര്‍ന്ന് വഴക്കിട്ട് ഇറങ്ങിയ മൂന്നംഗ സംഘം മയക്കുമരുന്നുമായി പിടിയില്‍

1 min read

പാലക്കാട്: മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി ആഡംബര കാറില്‍ സഞ്ചരിക്കവേ പാലക്കാട് വച്ച് മൂന്ന് യുവാക്കള്‍ പിടിയില്‍. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കളെ ലഹരിയുമായി പിടികൂടിയത്. 8.9 ഗ്രാം മെത്തഫിറ്റാമിനാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. കൊടുവള്ളി സ്വദേശി ഉമയ്ര്‍ ഖാന്‍, പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി ഷിബു,തിരുവമ്പാടി സ്വദേശി ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറും ടൗണ്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതികള്‍ പാലക്കാട് ടൗണില്‍ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ഒരു രാത്രി അവിടെ തങ്ങി. രാവിലെ ലോഡ്ജില്‍ നിന്നും ചായ ആവശ്യപ്പെട്ടപ്പോള്‍ ചായ ലഭിച്ചില്ല. ലോഡ്ജിലെ ജീവനക്കാരോട് വഴക്കിട്ട് ചായ കുടിക്കാനായി മലമ്പുഴയിലേക്ക് പോകുന്നതിനിടെ ബൈപ്പാസില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്‌ഐഎം സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനത്തിന് കൈകാട്ടുകയായിരുന്നു.

യുവാക്കളുടെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയ പോലീസ് വാഹനത്തില്‍ പരിശോധന നടത്തി. പരിശോധനയിലാണ് സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടത്. യുവാക്കളോട് എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ പലതരത്തിലുള്ള മറുപടികള്‍ ഓരോരുത്തരും പറഞ്ഞതാണ് പോലീസിന് സംശയം തോന്നാനിടയായത്. സ്ഥിരമായി ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണോയെന്നും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷിക്കും. ആഘോഷത്തിനു മുമ്പ് ചില്ലറ വില്പന നടത്താന്‍ എത്തിച്ചതാണോ മയക്കുമരുന്നെന്നും പരിശോധിക്കും. മൂന്നുപേരുടെയും ഫോണ്‍ കോളുകളും പോലീസ് പരിശോധനയ്ക്ക് കൂടുതല്‍ വിധേയമാക്കും.

Related posts:

Leave a Reply

Your email address will not be published.