ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കണ്ണൂരില്‍ യുവാക്കളെ വെട്ടിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി
1 min readകണ്ണൂര്‍: പള്ളിയാംമൂലയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പിച്ച സംഭവത്തില്‍ മുഖ്യ പ്രതി കീഴടങ്ങി. പള്ളിയാംമൂല സ്വദേശി വിനോദനാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പള്ളിയാംമൂലയിലെ അനുരാഗിനായിരുന്നു വെട്ടേറ്റത്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ബിഗ് സ്‌ക്രീനില്‍ കാണുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കേസില്‍ 6 പ്രതികളെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പിഎ ബിനു മോഹന്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
സംഘര്‍ഷത്തില്‍ അനുരാഗിന് പുറമെ, ആദര്‍ശ്, അലക്‌സ്, നകുല്‍ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. അര്‍ജന്റീനയുടെ വിജയത്തില്‍ ആരാധകര്‍ ആഹ്ലാദ പ്രകടനം നടത്തുമ്പോള്‍ ചിലര്‍ വന്ന് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തലശ്ശേരിയിലും സമാനമായ നിലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇവിടെ ആഘോഷ പരിപാടിക്കിടെ എസ്‌ഐക്കാണ് മര്‍ദ്ദനമേറ്റത്. രാത്രി രണ്ട് മണിയോടെ ബൈക്കില്‍ അമിത വേഗതയില്‍ പോവുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയില്‍ വാഹനം ഓടിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്.