വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും 7 മാസത്തിന് ശേഷം പിടിയില്‍
1 min readകൊച്ചി: വാഹനം ഇടിച്ച് തെറിപ്പിച്ച് യുവാവ് മരണപ്പെട്ട കേസില്‍ നിര്‍ത്താതെ പോയ വാഹനത്തെയും ഡ്രൈവറേയും ഏഴ് മാസത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസ് പിടികൂടി. ബീഹാര്‍ സ്വദേശി രോഹിത് കുമാര്‍ മഹാതോ (31) യെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. മെയ് 24 ന് രാത്രി 1.30 ന് നെടുമ്പാശേരി അത്താണിയിലാണ് യുവാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയത്.
ബൈക്ക് യാത്രികനായ കരുമാലൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി ഉദയ്കുമാറിനെയാണ് ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയത്. അപകടത്തില്‍ യാത്രികന് മരണം സംഭവിക്കുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനം അമിത വേഗത്തിലായതിനാലും സമീപത്ത് സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാലും വാഹനം കണ്ട് പിടിക്കുക ബുദ്ധിമുട്ടായി. ദൃക്‌സാക്ഷികളും ഇല്ലായിരുന്നു.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി ആയിരത്തിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അമ്പതിലേറെ വ്യവസായ സ്ഥാപനങ്ങള്‍, ഇരുന്നൂറിലേറെ വാഹന ഉടമകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഒടുവില്‍ അങ്കമാലിയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയായില്‍ നിന്നുമാണ് ഗുഡ്‌സ് വാഹനത്തേയും ഡ്രൈവറേയും പിടികൂടിയത്.
ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ് ഐ ആര്‍.ജയപ്രസാദ്, എഎസ്‌ഐ ബിജേഷ്, എസ്സിപിഒ റോണി അഗസ്റ്റിന്‍, സിപിഒ എന്‍.ജി.ജിസ്‌മോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്റ് ചെയ്തു.