കുട്ടിയെ നോക്കാത്തതിന് വഴക്ക് പറഞ്ഞ ഭര്‍തൃ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം

1 min read

ആലപ്പുഴ: ആലപ്പുഴ ചാരുമ്മൂടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കതില്‍ ബിപിന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയെ നോക്കാത്തിന് വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് ഭര്‍തൃപിതാവിനെ സുഹൃത്തിന്റെ സഹായത്തോടെ മരുമകള്‍ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

നവംബര്‍ 29 ന് രാത്രി 11.30ന് ആണ് രാജുവിന് നേരെ ആക്രമണം നടന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന രാജുവിനെ ഒരാള്‍ കമ്പി വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് : ബൈക്കില്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു രാജു. വീടിന് അടുത്തെത്താറായപ്പോഴാണ് വഴിയരികില്‍ കാത്തുനിന്ന ഹെല്‍മറ്റ് ധരിച്ച ഒരാള്‍ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകും ചെയ്തത്. അടിയേറ്റ് രാജു വീണതോടെ അക്രമി ഓടി രക്ഷപ്പെട്ടു,

തന്നെ ആരാണ് അടിച്ചതെന്നോ എന്തിനാണ് അടിച്ചതെന്നോ രാജുവിന് മനസ്സിലായില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമം നടന്നതിന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ സംഭവ സമയത്ത് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വാഹനത്തില്‍ പോകുന്നതു കണ്ടു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞില്ല.

ഇതിനിടെയിലാണ് അക്രമണം നടന്ന ദിവസം വൈകിട്ട് രാജു മരുമകളെ വഴക്ക് പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചത്. കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതു സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതായി പൊലീസിന് മനസിലാക്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്ന് പൊലീസ് കണ്ടെത്തിയത്. വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി തന്റെ സുഹൃത്തായ ബിപിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ബിപിന്‍ എത്തി രാജുവിനെ കമ്പി വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. രാജുവിനെ അടിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.