ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ പ്രതിയായ മാഹിന്‍ കണ്ണിനെ തെളിവെടുപ്പ് നടത്തി
1 min readതിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്മയെയും മകളെയും കടലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിന്‍ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ആളില്ലാതുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. കടലിലേക്ക് തള്ളിയിട്ടത് എവിടെയെന്ന് മാഹിന്‍കണ്ണ് പൊലീസിനെ കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
പ്രതികളായ മാഹിന്‍കണ്ണും റുഖിയയും വിദ്യയേയും മകള്‍ ഗൗരിയെയും ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലില്‍ തള്ളി എന്ന് പ്രതികള്‍ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ഡി ശില്‍പ വ്യക്തമാക്കിയിരുന്നു. 2011 ആഗസ്റ്റ് 18 ന് വിദ്യയേയും മകള്‍ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും മാഹിന്‍കണ്ണ് കൊന്നിരുന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആശുപത്രിയില്‍ പോയി മാഹിന്‍കണ്ണ് കണ്ടിരുന്നു. വിദ്യയെ ഒഴിവാക്കാന്‍ റുഖിയ നിര്‍ബന്ധിച്ചുവെന്ന് മാഹിന്‍കണ്ണ് പറഞ്ഞതായി റൂറല്‍ എസ് പി ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു.
മാഹിന്‍കണ്ണിനെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിരിക്കുന്നത്. മാഹിന്‍ കണ്ണിന്റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ നിര്‍ണായകമായ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. 2011 ഓഗസ്റ്റ് 22 ന് മാഹിന്‍ കണ്ണ് വിദ്യയുടെ അമ്മയെയും അച്ഛനെയും പൂവാറിലേക്ക് എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും വിവരമുണ്ട്.