രഞ്ജിത്ത് ശ്രീനിവാസന്‍ വധം: പ്രതികാരക്കൊല

1 min read

പാലക്കാട്: ആര്‍എസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

മണ്ണഞ്ചേരിയില്‍ ഷാന്‍ കൊല്ലപ്പെട്ട 2021 ഡിസംബര്‍ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാന്‍ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രതികള്‍ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു. അര്‍ധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി.

തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കുറ്റം ചുമത്തുന്നതില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. പ്രതികളുടെ ഭാഗം കേള്‍ക്കാന്‍ കേസ് ഈ മാസം 12ലേക്ക് മാറ്റി. അഭിഭാഷകനെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കേസ് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.

ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കൊലക്കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിനെതിരെ പതിനഞ്ച് പ്രതികളും സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി തീരുമാനിക്കേണ്ട വിഷയമെന്ന് കാട്ടി സുപ്രീം കോടതി പ്രശ്‌നത്തില്‍ ഇടപെടാന്‍ മടിച്ചു.

Related posts:

Leave a Reply

Your email address will not be published.