പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും

1 min read

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കിളിമാനൂര്‍ സ്വദേശി ശരത് (30 ) നെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് (പോക്‌സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.

2017 ല്‍ ആണ് സംഭവം. പതിനേഴുകാരിയെ വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ശരത് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും കേസില്‍ പറയുന്നു. പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോകാനും താമസിപ്പിക്കാനും ഒത്താശ ചെയ്തു എന്ന കുറ്റത്തിന് പ്രതിയാക്കപ്പെട്ട മൂന്ന് പേരെ കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതേ വിട്ടു. അതിജീവിതയ്ക്ക് പതിനെട്ട് വയസ്സ് തികയുന്നതിന് മൂന്ന് മാസം ശേഷിക്കുമ്പോളാണ് പീഡനത്തിന് ഇരയായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും കൂടെ പോരണമെന്നും അവശ്യപ്പെട്ട പ്രതി, ഓട്ടോയിലെത്തി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തി കൊണ്ട് പോവുകയായിരുന്നു. ലൈംഗിക ബന്ധത്തിന് വിധേയയാക്കുന്ന സമയം പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതമുണ്ടെങ്കില്‍ കൂടി അത്തരം അതിക്രമങ്ങള്‍ നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് ശിക്ഷാര്‍ഹമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിന്‍ ഹാജരായി. കിളിമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി ബൈജു രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി എസ് പ്രദീപ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Related posts:

Leave a Reply

Your email address will not be published.