നായയെ വില്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മൂവര്‍ സംഘം വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേല്‍പിച്ചു

1 min read

ആലപ്പുഴ: വളര്‍ത്തു നായയെ വില്‍ക്കാന്‍ വിസമ്മതിച്ച വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേല്‍പിച്ച കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ റോായ്‌സണ്‍ (32), ചെത്തി പുത്തന്‍പുരയ്ക്കല്‍ സിജു (അലോഷ്യസ്26), കണിച്ചുകുളങ്ങര ദൈവത്തിങ്കല്‍ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാര്‍ഡില്‍ ചിറയില്‍ ജാന്‍സിയെ (നബീസത്ത് 54) ആക്രമിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ചൊവ്വാഴ്ച മാരാരിക്കുളം പള്ളിക്ക് സമീപമുള്ള ചിറയില്‍ വീട്ടിലാണ് പ്രതികള്‍ അക്രമം നടത്തിയത്. വീട്ടിലെ വളര്‍ത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികള്‍ നായയെ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ജാന്‍സി വില്‍ക്കാന്‍ തയാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികള്‍ ശ്രമിച്ചു. ജാന്‍സി സമ്മതിച്ചില്ല. വീട്ടില്‍ നിന്ന് ഇറക്കി വിട്ടപ്പോള്‍ ചീത്ത വിളിച്ച്, വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ ശേഷം കല്ലെടുത്തെറിഞ്ഞു. ജാന്‍സിയുടെ മുതുകിനും കണ്ണിന് താഴെയും പരുക്കേറ്റു.

മദ്യലഹരിയിലാണു പ്രതികള്‍ അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. റോയ്‌സണെതിരെ മണ്ണഞ്ചേരിയില്‍ 12 കേസുകളുണ്ട്. കാപ്പ റിമാന്‍ഡ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ വിഷ്ണുവിനെതിരെ ഇടുക്കിയില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. സിജോയ്‌ക്കെതിരെ മാരാരിക്കുളത്ത് രണ്ട് വധശ്രമക്കേസും അര്‍ത്തുങ്കലില്‍ രണ്ട് അടിപിടിക്കേസും മാരാരിക്കുളത്ത് മൂന്ന് കഞ്ചാവ് കേസുമുണ്ട്. മാരാരിക്കുളം പ്രിന്‍സിപ്പല്‍ എസ്‌ഐ എ. പ്രദീപ്, സനീഷ് കുമാര്‍, ജെ. ജാക്‌സണ്‍, സിപിഒമാരായ ജഗദീഷ്, കവിരാജ്, ഹോംഗാര്‍ഡ് വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. മൂന്ന് പ്രതികളെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.