ബെംഗളുരു: ക്വട്ടേഷൻ നൽകി അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഒരുകോടി രൂപ വാഗ്ദാനം നൽകിയാണ് നാരായണ സ്വാമിയെ മകനായ മണികാന്ത കൊലപ്പെടുത്തിയത്. മണികാന്തയ്ക്കു പുറമേ ആദർശ്, ശിവകുമാർ എന്നിവർ അറസ്റ്റിലായി. സ്വത്ത് തർക്കമാണ് കൊലപാതകത്തിനു കാരണം. ഫെബ്രുവരി 13നായിരുന്നു സംഭവം.
ബൈക്കിലെത്തിയ രണ്ടുപേർ, ഫ്ളാറ്റിനു പുറത്തു നിൽക്കുകയായിരുന്ന നാരായണ സ്വാമിയെ വെട്ടിക്കൊല്ലുകയായിരുന്നു. മകൻ മണികാന്ത ഇത് നോക്കി നിന്നു. സംഭവത്തിനു ശേഷം ഇയാൾ പൊലീസിൽ പരാതി നൽകി.
മണികാന്തയുടെ ഭാര്യയായ അർച്ചനയ്ക്ക് ഫ്ളാറ്റ് എഴുതി കൊടുക്കാനുള്ള നാരായണസ്വാമിയുടെ തീരുമാനമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണികാന്തയുടെ രണ്ടാം ഭാര്യയാണ് അർച്ചന. ആദ്യ ഭാര്യയെ മണികാന്ത തന്നെയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ജയിലിൽ ആയിരുന്ന ഇയാൾ 2020ൽ പുറത്തിറങ്ങിയതിനു ശേഷമാണ് അർച്ചനയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മാസം പ്രായമായ കുട്ടിയുണ്ട്.