പുതുവര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയുടെ കിടിലന്‍ പാക്കേജുകള്‍
1 min readയാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം.വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്. 2022 നവംബര്‍ മുതല്‍ ഈ ഒക്‌ടോബര്‍ വരെ ബജറ്റ് ടൂറിസത്തിലൂടെ മാത്രം കെഎസ്ആര്‍ടിസിക്ക് 10,45,06,355 രൂപ ലഭിച്ചു. 602 പാക്കേജുകളിലായി 2907 ഷെഡ്യൂളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരുന്നത്. മൂന്നാര്‍, നെഫര്‍റ്റിറ്റി, മലക്കപ്പാറ, ജംഗിള്‍ സഫാരി, നാലമ്പലം, വയനാട്, കുമരകം, പഞ്ചപാണ്ഡവ, സാഗരറാണി, മണ്‍റോത്തുരുത്ത്, ഇഞ്ചത്തൊട്ടി, ഡബിള്‍ ഡക്കര്‍, വണ്ടര്‍ലാ, ആലപ്പുഴ, റോസ്മല, നെല്ലിയാമ്പതി, പൊന്‍മുടി തുടങ്ങിയവയാണ് ബജറ്റ് ടൂറിസത്തിലെ പാക്കേജുകള്‍.
ഇപ്പോള്‍ പുതുവര്‍ഷത്തില്‍ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ ‘മിസ്റ്റി നൈറ്റ് 2023’ (Mitsy Night 2023) എന്ന പേരില്‍ പുതുവത്സര ആഘോഷരാവാണ് ഒരുക്കിയിരിക്കുന്നത്. വാഗമണ്ണില്‍ ഡിസംബര്‍ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായുള്ള ഒരു സുവര്‍ണ്ണാവസരമാണ് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 31 ന് രാത്രി 9 മണി മുതല്‍ ആരംഭിച്ച് 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നില്‍ക്കുന്ന പുതുവത്സര ആഘോഷരാവാണ് കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ വാഗമണില്‍ ഒരുക്കുന്നത്. വാഗമണ്‍ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാര്‍ട്ടിയും, ക്യാമ്പ് ഫയറും ഉള്‍പ്പടുന്ന പരിപാടികളാണ് മിസ്റ്റി നൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഡംബര കപ്പലായ ‘നെഫര്‍റ്റിറ്റി’യില്‍ പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വഴി അവസരം ഒരുക്കുന്നുണ്ട്. ക്രൂയിസിലും, ഗാല ഡിന്നര്‍, ഡി ജെ പാര്‍ട്ടി, ഓപ്പണ്‍ ഡെക്ക് ഡി.ജെ എന്നിവ അടക്കമുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 31 ന് രാത്രി 8.00 മുതല്‍ 1 മണി വരെയാണ് ക്രൂയിസിലെ പുതു വത്സര ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നാണ് ‘നെഫര്‍റ്റിറ്റി’ യാത്ര ആരംഭിക്കുന്നത്. കൊച്ചി, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ക്രൂയിസ് യാത്രയില്‍ പങ്കെടുക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഒരുക്കിയിട്ടുണ്ട്.