വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അറ്റഗാമയില്‍ പൂക്കാലം.

1 min read

Atacama Desert in bloom at sunset with pata de guanaco flowers, desierto florido Chile

ചിലിയിലെ അറ്റകാമ, ഒരു അത്ഭുത പ്രദേശമാണ്. ലോകത്തിലെ ഏറ്റവും പുരാതനവും വരണ്ടതുമായ മരുഭൂമിയാണ് ഇത്. ഉറപ്പേറിയ ഭൂമിയും ഉപ്പുതടാകങ്ങളും അറ്റകാമയുടെ പ്രത്യേകതകളാണ്. അതോടൊപ്പം മറ്റൊരു പ്രത്യേകത കൂടി അറ്റകാമയ്ക്കുണ്ട്. ഇങ്ങ് കേരളത്തിലെ ഇടുക്കിയില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുള്ള നീലക്കുറിഞ്ഞികളെ പോലെ അറ്റകാമയിലും നീണ്ട വര്‍ഷങ്ങളുടെ ഇടവേളകളില്‍ അതിമനോഹരമായ പൂക്കള്‍ വിരിയും.

ഒന്നും രണ്ടുമല്ല, അറ്റകാമയുടെ ചെറിയൊരു ഒരു ഭാഗം തന്നെ പൂപ്പാടമായി അപ്പോള്‍ മാറും. ചില പ്രദേശങ്ങള്‍ പല നിറത്തിലുള്ള പൂക്കളാല്‍ മൂടുമ്പോള്‍, മറ്റ് ചില പ്രദേശങ്ങള്‍ ഒരൊറ്റ പൂ കൊണ്ടുള്ള പരവതാനി വിരിച്ച് വച്ചത് പോലെയാകും. ‘ഡെസീര്‍റ്റോ ഫ്‌ളോറിഡോ’ അഥവാ ‘പുഷ്പിക്കുന്ന മരുഭൂമി’ എന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്ന് ശാസ്ത്രലോകം പറയുന്നു. അപൂര്‍വ്വമായിട്ടാണെങ്കിലും നന്നായി പെയ്യുന്ന മഴയാണ് അത്രയും കാലമായി മണ്ണിനടിയില്‍ ഉറങ്ങി കിടക്കുന്ന ചെടികളെ ഉണര്‍ത്തി പൂവിടിക്കുന്നതിന് പിന്നില്‍.

തെക്കേ അമേരിക്കയില്‍ ചിലിയുടെ ഭാഗമായ പീഠഭൂമിയാണ് അറ്റകാമ മരുഭൂമി. ആന്‍ഡീസ് പര്‍വതനിരകളുടെ പടിഞ്ഞാറായി പസഫിക് തീരത്ത് നിന്ന് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് അറ്റകാമ. ലോകത്തിലെ ഏറ്റവും വരണ്ട ധ്രുവമില്ലാത്ത മരുഭൂമിയാണിത്. അതുപോലെ ധ്രുവ മരുഭൂമികളേക്കാള്‍ കുറഞ്ഞ മഴ ലഭിക്കുന്ന ഒരേയൊരു യഥാര്‍ത്ഥ മരുഭൂമിയും. ലോകത്തില്‍ മഞ്ഞിനാല്‍ മൂടപ്പെടുന്ന ഏറ്റവും വലിയ മരുഭൂമി കൂടിയാണ് അറ്റകാമ.

ഈ ഭൗമപ്രത്യേകതകളെല്ലാം അറ്റകാമയെ മറ്റ് മരുഭൂമികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ചൊവ്വ പര്യവേഷണ സിമുലേഷനുകള്‍ക്കായി ഭൂമിയിലെ പരീക്ഷണ സൈറ്റുകളായി ഈ മരുഭൂമി ഉപയോഗിക്കപ്പെട്ടിരുന്നു. അതോടൊപ്പം തണുത്ത വടക്കോട്ടൊഴുകുന്ന ഹംബോള്‍ട്ട് സമുദ്ര പ്രവാഹവും ശക്തമായ പസഫിക് ആന്റി സൈക്ലോണിന്റെ സാന്നിധ്യവും കാരണം മരുഭൂമി അതിന്റെ ഏറ്റവും തീവ്രമായ വരള്‍ച്ചയിലാണ്.

അറ്റകാമ മരുഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമുള്ളത്, പസഫിക് അല്ലെങ്കില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള ഈര്‍പ്പം തടയാന്‍ മതിയായ ഉയരമുള്ള രണ്ട് പര്‍വത ശൃംഖലകള്‍ക്ക് (ആന്‍ഡീസ്, ചിലിയന്‍ തീരപ്രദേശങ്ങള്‍) ഇടയിലാണ്. നല്ലൊരു മഴ പെയ്താല്‍ അറ്റകാമയ്ക്ക് പൂക്കാതിരിക്കാനാകില്ല. വര്‍ണവൈവിധ്യമാര്‍ന്ന പൂക്കള്‍ നിറഞ്ഞ് പൂക്കളുടെ പരവതാനി വിരിച്ചത് പോലെ മനോഹരമായ ഭൂപ്രദേശമായി ഈ സമയം അറ്റകാമ മാറും.

അറ്റകാമയുടെ ചിത്രങ്ങള്‍ പങ്കുവച്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ അഭിപ്രായപ്പെട്ടത് ‘ഭൂമിയിലെ ഏറ്റവും വരള്‍ച്ചയുള്ള പ്രദേശമാണ് അറ്റകാമ. പ്രതിവര്‍ഷം ശരാശരി 15 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ചെയ്യുന്നത്. പക്ഷെ കൂടുതല്‍ മഴ ലഭിക്കുന്ന സമയത്ത് അറ്റകാമ ഒരു ദേവലോകമാകും’. എന്നാണ്.

മഴയ്ക്ക് പിന്നാലെ മരുഭൂമിയിലെ മണ്ണില്‍ കാലങ്ങളായി ഉറങ്ങിക്കിടക്കുന്ന വിത്തുകള്‍ മുളപൊട്ടും. കഷ്ടിച്ച് ഒരടി പോലും ഉയരം വയ്ക്കാത്ത ഇവ ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കുന്നു. ഏതാണ്ട് 200 ഓളം തരത്തിലുള്ള ലക്ഷക്കണക്കിന് പൂക്കളാണ് ഇവിടെ ഒറ്റയടിക്ക് വിരിയാറുള്ളത്. മറ്റ് സമയങ്ങളില്‍ 63ഡിഗ്രി താപനിലയില്‍ സദാസമയവും ചുടുകാറ്റ് വീശിയടിക്കുന്ന അറ്റക്കാമയില്‍ നിന്നാണ് ഈ കഴ്ചയും.

2017 ന് ശേഷം ഈ വര്‍ഷമാണ് അറ്റകാമയില്‍ വസന്തം തിരിച്ചെത്തുന്നത്. എന്നാല്‍ അറ്റകാമയിലെ 1600 കിലോമീറ്ററും ഈ പൂക്കലമുണ്ടാകില്ല. ഏതാനും താഴ്വാരകളില്‍ മാത്രമാണ് ഈ പ്രതിഭാസം കാണാനാകുക. അറ്റകാമയിലേക്ക് പൂക്കാലം തിരിച്ചെത്തുമ്പോള്‍ സഞ്ചാരികളും എത്തിചേരുന്നു.

പലപ്പോഴും അറ്റകാമയിലെ തണുപ്പ് ലഡാക്ക് മരുഭൂമിയെക്കാള്‍ കൂടിയതാകും അതു പോലെതന്നെ വരള്‍ച്ചയുടെ കാര്യത്തില്‍ അറ്റകാമ മത്സരിക്കുന്നത് സഹാറ മരുഭൂമിയോടും. കാലാവസ്ഥയിലെ ഈ വൈരുദ്ധ്യം ഭൂമിയില്‍ മറ്റൊരിടത്തുമില്ല. ഏതാണ്ട് 150 മില്ല്യണ്‍ അതായത് 15 കോടി വര്‍ഷമായി അറ്റാകാമ വരണ്ടുണങ്ങി കിടക്കുകയാണെന്ന് ശാസ്ത്രലോകം പറയുന്നു.

കലാവസ്ഥയിലെ ഈ വ്യതിയാനം മൂലം മൃഗങ്ങളും വളരെ കുറവാണ്. സസ്യങ്ങളെ പോലെ തന്നെ മൃഗങ്ങള്‍ക്കും ഇവിടം വാസയോഗ്യമല്ല. ഏതാനും സൂക്ഷ്മ ജീവികള്‍ മാത്രമാണ് ഇവിടെ നിന്നും

ഇതുവരെ കണ്ടെത്തിയ ജീവനുകള്‍. ഭൂമിയുടെ പ്രവചനാതീതമായ സ്വഭാവം തന്നെയാണ് അറ്റകാമയില്‍ നിന്ന് മറ്റ് ജീവനുകളെ അകറ്റി നിര്‍ത്തുന്നതും.

Related posts:

Leave a Reply

Your email address will not be published.