61ാമത് സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് 24 വേദികളില്‍ നടക്കും; ലോഗോ പ്രകാശനം നടന്നു.
1 min readകോഴിക്കോട്: 61ാമത് സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. 2023 ജനുവരി 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ കലോത്സവം കോഴിക്കോട് വെച്ച് നടത്തും. 239 ഇനങ്ങളിലായി ഹയര്‍ സെക്കന്ററി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി ഏകദേശം 14000 ത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഉം സംസ്‌കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്.
മേളകളുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയും, മേളകള്‍ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉള്‍പ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിര്‍ദ്ദേശിച്ച്‌കൊണ്ട് പത്രപരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 26 ലോഗോകളാണ് ലഭിച്ചത്. ആയതില്‍ നിന്നും 61ാമത് കേരള സ്‌കൂള്‍ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ്. ഈ വര്‍ഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് നടത്തപ്പെടുന്നത്.
1957 ജനുവരി 25 മുതല്‍ 28 വരെ എറണാകുളം എസ്.ആര്‍.വി. ഗേള്‍സ് ഹൈസ്‌കൂളിലാണ് ആദ്യ യുവജനോത്സവം ആരംഭിച്ചത്. കലോത്സവത്തിന്റെ മറ്റൊരു ആകര്‍ഷണത എന്നത് കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണകപ്പ് നല്‍കുന്നതാണ്. ഈ പതിവ് ആരംഭിച്ചത് 1987 ലാണ്. അത് ഇപ്പോഴും തുടര്‍ന്ന് പോരുന്നു. എറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പ് നല്‍കുന്നു.