തിരുപ്പതി ദര്‍ശനം ഇനി കന്യാകുമാരിയിലെത്തി നടത്താം.
1 min readഹരിത നന്ദിനി
തിരുപ്പതി തിരുമല ദേവസ്ഥാനം നിര്‍മ്മിച്ച തിരുപ്പതിയിലെ പ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ പകര്‍പ്പ് കന്യാകുമാരിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കന്യാകുമാരി തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിവേകാനന്ദ കേന്ദ്രത്തിന്റെ പരിസരത്ത് 5.5 ഏക്കര്‍ സ്ഥലത്ത് 22.5 കോടി രൂപ ചെലവിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചത്.
തിരുപ്പതി ദേവസ്ഥാനത്തേക്ക് നേരിട്ടെത്താന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് കന്യാകുമാരിയിലും തിരുപ്പതിയുടെ തനിപ്പകര്‍പ്പായ ക്ഷേത്രം തുറന്നത്. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഒരു കേന്ദ്രമാണ് കന്യാകുമാരി ആത്കൊണ്ടു തന്നെ കന്യാകുമാരിയിലേക്ക് വരുന്ന ഭക്തര്‍ക്ക് പ്രയോജനപ്പെടുന്നതിനായി 2013 ജൂലൈയില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.
ശുഭമുഹൂര്‍ത്തങ്ങളില്‍ ക്ഷേത്രവാഹനം ഘോഷയാത്രയായി കൊണ്ടുപോകുന്ന നാലുവീഥികളും സ്ഥാപിക്കാനുള്ള പരിപാടികള്‍ നടന്നു വരികയാണ്. തിരുപ്പതിയില്‍ ആചരിക്കുന്ന എല്ലാ വിശേഷാവസരങ്ങളും അതത് ദിവസങ്ങളില്‍ കന്യാകുമാരിയിലെ പകര്‍പ്പില്‍ ആചരിക്കും.
എല്ലാ വര്‍ഷവും ഏപ്രില്‍ 14ന് ശ്രീകോവിലിലെ വെങ്കിടേശ്വര വിഗ്രഹത്തിന്റെ പാദത്തില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന തരത്തിലാണ് ക്ഷേത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ക്ഷേത്ര പൂജാരിമാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ്, മുടി അര്‍പ്പിക്കാനുള്ള സ്ഥലം, സൗജന്യ ഭക്ഷണം (അന്നദാനം), ബന്ധിപ്പിക്കുന്ന റോഡുകള്‍, അലങ്കരിച്ച പ്രവേശന കവാടം, ഗോശാല, കുളം എന്നിവയും ഇവിടെയുണ്ട്. തിരുപ്പതി ക്ഷേത്രം കന്യാകുമാരിയിലേക്കെത്തുന്നവര്ക്ക് നല്ലൊരു അനുഭവം തന്നെ ആയിരിക്കും. അതിനു പുറമേ തിരുപ്പതി ക്ഷേത്രത്തില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് കന്യാകുമാരിയിലെത്തി സന്ദര്‍ശനം നടത്താം എന്നതും ശ്രദ്ധേയമായ കാര്യമാണ്.