എന്‍ ഊര് ഗോത്രപൈതൃകഗ്രാമം തുറന്നു; പ്രവേശനം 2000 പേര്‍ക്ക് മാത്രം
1 min readവയനാട്ടിലെ എന്‍ ഊര് ഗോത്രപൈതൃകഗ്രാമത്തിലേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങി. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇവിടുത്തേക്ക് സഞ്ചാരികളുടെ പ്രവേശനം നിര്‍ത്തിവെച്ചിരുന്നു.
എന്‍ ഊരിലേക്കുള്ള റോഡില്‍ ഹമ്പുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. ഇത് പൂര്‍ത്തിയായതിനാല്‍ ശനിയാഴ്ച മുതല്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഒരു ദിവസം രണ്ടായിരം പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. ശനി ഞായര്‍ ഉള്‍പ്പടെയുള്ള അവധി ദിവസങ്ങളില്‍ ടിക്കറ്റ് വിതരണം ഉച്ചയോടെ അവസാനിപ്പിക്കും.
കേരളത്തിന്റെ തനത് ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് വയനാട് വൈത്തിരിക്ക് സമീപത്തെ എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം. കുറഞ്ഞ കാലം കൊണ്ട് തന്നെ എന്‍ ഊര് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു.
ഗോത്രജനതയുടെ സംസ്‌കാരത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഗോത്ര പൈതൃകഗ്രാമം പട്ടികവര്‍ഗ വികസന വകുപ്പും വിനോദ സഞ്ചാരവകുപ്പും ചേര്‍ന്നാണ് ആവിഷ്‌കരിച്ചത്. ജൂണ്‍ നാലിനാണ് എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ചത്.