ഓരോ സ്‌കൂളും മാതൃകവിദ്യാലയമാക്കുകയാണ് ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി

1 min read

തിരുവനന്തപുരം: പാങ്ങോട് ഗവ: എല്‍.പി.സ്‌കൂളിലെ നവീകരിച്ച പ്രീപ്രൈമറി വിഭാഗത്തിന്റേയും പാര്‍ക്കിന്റേയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസതൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക ചട്ടക്കൂട് വികസിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രീ പ്രൈമറി സ്‌കൂളിനെയും മാതൃക വിദ്യാലയം ആക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളം വഴിയാണ് എല്ലാ ജില്ലകളിലും മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായി ഉല്ലാസം ലഭിക്കുന്ന തരത്തില്‍ പന്ത്രണ്ട് ഇടങ്ങളില്‍ ക്ലാസ്സ് മുറികളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണം നടത്തിയിട്ടുള്ളത്. പാങ്ങോട് ഗവ: എല്‍.പി. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മികവോടെ മുന്നേറുകയാണ്. കുട്ടികളുടെ സര്‍വതോന്‍മുഖമായ വികാസം ലക്ഷ്യമിട്ടു കൊണ്ടാണ് സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി അത്യാധുനിക പ്രീപ്രൈമറി ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടനയോഗത്തില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. റീന കെ. എസ്., ഡിപിസി ജവാദ് എസ്., ഡിപിഒ റെനി വര്‍ഗീസ്, സൗത്ത് എഇഒ ആര്‍. ഗോപകുമാര്‍, സൗത്ത് യുആര്‍സി ബിപിസി ബിജു എസ്. എസ്., പിടിഎ പ്രസിഡന്റ് രാകേഷ് ആര്‍, പ്രഥമാധ്യാപിക റഫീക്ക ബീവി എം. എന്നിവര്‍ സംസാരിച്ചു.

Related posts:

Leave a Reply

Your email address will not be published.