ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

1 min read

തിരുവനന്തപുരം: അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് നൽകിയിരുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം ഗ്രേസ്മാർക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കാനാണ് തീരുമാനം. എന്നാൽ ഗ്രേസ്മാർക്ക് വിതരണത്തിൽ അസമത്വം ഉണ്ടായിരുന്നതായും അവ പരിഹരിച്ച് നീതിയുക്തമായ രീതിയിലായിരിക്കും മാർക്ക് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച ‘മഹിതം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡയറക്ടറേറ്റ്തല അവാർഡ് സമർപ്പണവും എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടത്തി. എൻ.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 202122 വർഷത്തിൽ സംസ്ഥാന തലത്തിൽ മികച്ച യൂണിറ്റുകളായി മലപ്പുറം ബി.പി. അങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗേൾസും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേൾസും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംസ്ഥാനതല പ്രോഗ്രാം ഓഫീസർമാർ ബി.പി അങ്ങാടി സ്‌കൂളിലെ കെ. സില്ലിയത്തും നടക്കാവ് സ്‌കൂളിലെ എം.കെ. സൗഭാഗ്യ ലക്ഷ്മിയുമാണ്. മികച്ച സംസ്ഥാനതല വളണ്ടിയർമാരായി കോഴിക്കോട് ബാലുശ്ശേരി ഗവൺമെൻറ് വി.എച്ച്.എസ്.എസിലെ വേദ വി.എസും ഇടുക്കി തട്ടക്കുഴ വി.എച്ച്.എസ്.എസിലെ നിയാസ് നൗഫലും തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കുള്ള അവാർഡുകളും ജില്ലാതലങ്ങളിലെ വിജയികൾക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു.

വിദ്യാർഥികൾക്കിടയിൽ എൻ.എസ്.എസിന്റെ പ്രാധാന്യം അനുദിനം വർധിച്ചുവരികയാണെന്നും പാഠ്യേതര പ്രവർത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും എൻ.എസ്.എസ് വളണ്ടിയർമാരായ വിദ്യാർഥികളുടെ സേവനം മികച്ചതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു. കെ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ, റീജ്യനൽ ഡയറക്ടർ ശ്രീധർ ഗുരു, ഡോ. സണ്ണി എൻ. എം തുടങ്ങിയവർ സംസാരിച്ചു.

Related posts:

Leave a Reply

Your email address will not be published.