നടിയെ ആക്രമിച്ച കേസ്പ്രിന്സിപ്പല് സെഷന്‍സ് കോടതിയേക്ക് മാറ്റി
1 min readകൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയ ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടര്‍ വിചാരണ നടത്തുക പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് തന്നെയാകും. തുടര്‍ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ അനുബന്ധകുറ്റപത്രം നല്കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അതിജീവിത കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുക.ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ആം പ്രതി ദിലീപ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.