രസഗുളയെച്ചൊല്ലി വിവാഹപ്പന്തലില്‍ കൂട്ടയടി, കുത്തേറ്റ് അതിഥി കൊല്ലപ്പെട്ടു
1 min read
ആഗ്ര: രസഗുളയെച്ചൊല്ലി വിവാഹപ്പന്തലില്‍ വിരുന്നിനെത്തിയവരുടെ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തില്‍ കുത്തേറ്റ് വിവാഹത്തിനെത്തിയ അതിഥി കൊല്ലപ്പെട്ടു. നഗരത്തിലെ എത്മാദ്പൂര്‍ മേഖലയിലാണ് സംഭവം. തര്‍ക്കം രൂക്ഷമായതോടെ അതിഥികള്‍ പരസ്പരം പ്ലേറ്റുകള്‍ എറിഞ്ഞു. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എത്മാദ്പൂരിലെ ഖണ്ഡോളിയില്‍ പിതാവ് രണ്ട് ആണ്‍മക്കളെ വിവാഹച്ചടങ്ങ് ഒരുമിച്ച് നടത്തുകയായിരുന്നു. സമീപത്തെ വിനായക് ഭവനില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇതിനിടയില്‍, മധുരപലഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ ഇരുകൂട്ടരും പരസ്പരം പ്ലേറ്റുകള്‍ എറിയാന്‍ തുടങ്ങി. സ്പൂണും കത്തിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇനിതിനിടെയിലാണ് ഒരാള്‍ക്ക് കുത്തേറ്റത്. 20കാരനായ സണ്ണി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി എസ്പി (റൂറല്‍) സത്യജീത് ഗുപ്ത പറഞ്ഞു. സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. സണ്ണിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.