‘അധിക’ പ്രസംഗം നിര്‍ത്തിച്ച് അമിത് ഷാ; നടപടിയില്‍ തെറ്റില്ലെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്
1 min read
ചിന്തന്‍ ശിവിരിലെ പ്രസംഗത്തില്‍ അമിത്ഷാ ഇടപെട്ട സംഭവം പ്രതികരണവുമായി ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്. ഒരു പൊതുയോഗത്തിലെ പ്രസംഗത്തില്‍ അധ്യക്ഷനായ ആഭ്യന്തരമന്ത്രി ഇടപെടുന്നതില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ഹരിയാനക്ക് സംസാരിക്കാന്‍ പ്രത്യേക സമയം ഉണ്ടായിരുന്നില്ല. അതിനാലാണ് സ്വാഗത പ്രസംഗത്തില്‍ സംസ്ഥാനത്തെ ചില വിഷയങ്ങള്‍ കൂടി ഉന്നയിച്ചത്. തന്നോട് മാത്രമല്ല യോഗത്തില്‍ സംസാരിച്ച പലരുടെയും പ്രസംഗവും അവസാനിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസംഗിക്കാന്‍ അനുവദിച്ച അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും സംസാരം തുടര്‍ന്ന ഹരിയാന ആഭ്യന്തര മന്ത്രിയോട് പ്രസംഗം അവസാനിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
രാജ്യത്തെ ആഭ്യന്തരമന്ത്രിമാരുടെ യോഗം കഴിഞ്ഞ രണ്ട് ദിവസമായി ഹരിയാനയിലെ സൂരജ്!കുണ്ഡില്‍ നടന്നു വരികയായിരുന്നു. പിണറായി വിജയന്‍, യോഗി ആദിത്യനാഥ്, ഭഗവന്ത് മന്‍, മനോഹര്‍ ലാല്‍ ഖട്ടീല്‍, ബൈറന്‍ സിംഗ് എന്നീ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. സമയക്രമം പാലിക്കാന്‍ സംസാരിക്കാന്‍ അവസരം ലഭിച്ച എല്ലാവര്‍ക്കും സമയനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ സമയക്രമം തെറ്റിച്ച് സംസാരിച്ചതിനാണ് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ചത്. അനില്‍ വിജിന്റെ എട്ടര മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ നാല് തവണയാണ് അമിത് ഷാ ഇടപ്പെട്ടത്. എന്നിട്ടും പ്രസം?ഗം തുടര്‍ന്ന മന്ത്രിയെ അമിത് ഷാ ഇടപെട്ട് അവസാനിപ്പിച്ചു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ശില്‍പശാലയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറായിരുന്നു മുഖ്യപ്രഭാഷണം.
പരിപാടിയില്‍ അമിത് ഷാക്ക് നന്ദി പറയുകയായിരുന്നു അനില്‍ വിജിന്റെ ചുമതല. എന്നാല്‍ അദ്ദേഹം വിഷയത്തില്‍ നിന്ന് തെന്നിമാറി ഹരിയാനയുടെ ചരിത്രത്തിലേക്കും ഹരിതവിപ്ലവത്തിനുള്ള സംഭാവനയിലേക്കും ഒളിമ്പിക്‌സിലെ സംസ്ഥാനത്തിന്റെ പ്രകടനത്തിലേക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച കായിക അടിസ്ഥാന സൗകര്യങ്ങളിലേക്കും മാറി. എല്ലാ ആഴ്ചയും താന്‍ നടത്തുന്ന പരാതി പരിഹാര സെഷനെക്കുറിച്ചും മന്ത്രി വാചാലനായി. മന്ത്രിക്ക് വിഷയത്തില്‍ നിന്ന് തെന്നിമാറിയതോടെ അമിത് ഷാ മന്ത്രിക്ക് ഒരു കുറിപ്പ് അയച്ചു. സംസാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു കുറിപ്പ്.
എന്നാല്‍ കുറിപ്പ് അവ?ഗണിച്ച് മന്ത്രി പ്രസംഗം തുടര്‍ന്നതോടെ അമിത് ഷാ മൈക്ക് ഓണാക്കി പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നിട്ടും മന്ത്രി പ്രസം?ഗം തുടര്‍ന്നു. ‘അനില്‍ജി, നിങ്ങള്‍ക്ക് അഞ്ച് മിനിറ്റ് അനുവദിച്ചു. നിങ്ങള്‍ ഇതിനകം എട്ടര മിനിറ്റ് സംസാരിച്ചു. ദയവായി നിങ്ങളുടെ പ്രസംഗം അവസാനിപ്പിക്കണം. ഇത്രയും നീണ്ട പ്രസംഗങ്ങള്‍ നടത്താനുള്ള സ്ഥലമല്ല ഇത്. ചുരുക്കി പറയൂ’ എന്ന് അമിത് ഷാക്ക് പറയേണ്ടി വന്നു.
എന്നാല്‍ തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ് അനില്‍ കുറച്ച് സമയം കൂടി ചോദിച്ചു. അമിത് ഷാ അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ സംസാരം നീണ്ടു. ഒടുവില്‍ അസ്വസ്ഥനായ അമിത് ഷാ ഇത് നടക്കില്ലെന്നും അവസാനിപ്പിക്കണമെന്നും കര്‍ശനമായി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അധിക സമയം എടുത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് അനുവദിച്ച സമയം അഞ്ച് മിനിറ്റാക്കി കുറയ്ക്കുകയും ചെയ്തു.