വിവാഹിതനായ പുരുഷനൊപ്പം വീടുവിട്ടു; താലിബാന് കല്ലെറിഞ്ഞ് കൊല്ലാന്‍ തുടങ്ങും മുമ്പേ യുവതി ആത്മഹത്യ ചെയ്തു
1 min readകാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ നിന്നും വീട് വിട്ട് ഓടിപ്പോയ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ താലിബാന് ഉത്തരവിട്ടു. പിന്നാലെ യുവതി ആത്മഹത്യ ചെയ്തെന്ന് പ്രാദേശിക താലിബാന് വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹിതനായ ഒരു പുരുഷനൊപ്പം വീട്ടില്‍ നിന്നും ഒളിച്ചോടിയ സ്ത്രീയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്ലെറിഞ്ഞ് കൊല്ലാന്‍ ഉത്തരവിട്ടതെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അതിന് മുമ്പ് തന്നെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതിയോടൊപ്പം പോയ പുരുഷനെ ഒക്ടോബര്‍ 13 ന് വധിച്ചെന്നും താലിബാന് കൂട്ടിചേര്‍ത്തു. ഈ സമയം യുവതിയെ വനിതാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതിനാലാണ് യുവതിയെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിച്ചതെന്ന് ഘോര്‍ പ്രവിശ്യയുടെ പൊലീസ് മേധാവി അബ്ദുള്‍ റഹ്മാന് പറഞ്ഞു. ശിക്ഷ നടപ്പാക്കും മുമ്പ്, യുവതി ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് താലിബാന് പറയുന്നു. അടുത്ത കാലത്തായി അഫ്ഗാനിലെ വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ വീട് വിട്ട് ഓടിപ്പോകുന്നത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ഓടിപ്പോകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലാനോ, പരസ്യമായി ചാട്ടയടിക്ക് വിധേയമാക്കാനോ താലിബാന് ഉത്തരവുകള്‍ നല്‍കുകയാണ് പതിവ്.
രണ്ടാമത് അഫ്ഗാനിസ്ഥാന്റെ അധികാരം കൈയാളുമ്പോള്‍ തങ്ങള്‍ പഴയ താലിബാനല്ലെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അധികാരത്തിലേറി ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ താലിബാന് കര്‍ശനമാക്കി. വിദ്യാഭ്യാസ കാര്യങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് വിലക്കുണ്ട്. നിലവില്‍ ആറാം ക്ലാസിന് മുകളില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകുന്നതിന് പോലും വിലക്കുണ്ട്. തൊഴിലിടങ്ങളിലും ഈ തൊട്ടുകൂടായ്മ തുടരുന്നു.
മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന 80 ശതമാനം സ്ത്രീകള്‍ക്കും ജോലി നഷ്ടപ്പെട്ടു, രാജ്യത്തെ 18 ദശലക്ഷം സ്ത്രീകള്‍ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക അവകാശങ്ങള്‍ എന്നിവയ്ക്കായി പോരാടുകയാണ്. ഇസ്ലാമിക് എമിറേറ്റ് പുനഃസ്ഥാപിച്ചതിന് ശേഷം നിരവധി സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് സുരക്ഷാ ഏജന്‍സികളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം, ജോലി, പൊതുപങ്കാളിത്തം, ആരോഗ്യം എന്നിങ്ങനെ സര്‍വമേഖലകളിലും മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.