ഗര്‍ഭിണിയായിരിക്കെ അപകടം, 7 മാസമായി അബോധാവസ്ഥയില്‍, കുഞ്ഞ് പിറന്നത് അറിയാതെ ഈ അമ്മ
1 min read
ഏഴ് മാസത്തോളമായി അബോധാവസ്ഥയില്‍ കഴിയുന്ന 23 കാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ആഴ്ച എയിംസില്‍ വച്ചാണ് കുഞ്ഞ് ജനിച്ചത്. ഭര്‍ത്താവിനൊപ്പം ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. 2022 മാര്‍ച്ച് 31 നാണ് അപകടമുണ്ടായത്. ബുലന്ദ്ഷഹര്‍ സ്വദേശിയാണ് യുവതി.
അപകട സമയം യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ ഇത് കാരണമായി. കണ്ണുകള്‍ തുറക്കുന്നുണ്ടെങ്കിലും മറ്റൊരു പ്രതികരണവും യുവതിയില്‍ നിന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ‘സ്ത്രീ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ അവളുടെ ജീവിതം മറ്റൊന്നാകുമായിരുന്നു,’ ഡോക്ടര്‍ ഗുപ്ത പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു യുവതിയുടെ ഭര്‍ത്താവ്. അപകടം സംഭവിക്കുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്നതിനാല്‍ അവരെ നോക്കാന്‍ ഭര്‍ത്താവിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. അപകടം സംഭവിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി 40ദിവസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. അപകടത്തില്‍ ഗര്‍ഭസ്ഥശിശുവിന് അപകടമൊന്നും സംഭവിച്ചിരുന്നില്ല.
ഗര്‍ഭം ഛിദ്രം നടത്തണോ വേണ്ടയോ എന്ന തീരുമാനം ആശുപത്രി അധികൃതര്‍ കുടുംബത്തിന് വിട്ടു. ഗര്‍ഭഛിദ്രത്തിന് കോടതിയെ സമീപിക്കുന്നതിന് പകരം കുഞ്ഞിനെ സംരക്ഷിക്കാനാണ് ഭര്‍ത്താവ് തീരുമാനിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച എയിംസിലെ ഗൈനക്കോളജിസ്റ്റുകളുടെ നിരീക്ഷണത്തിലാണ് യുവതി പ്രസവിച്ചത. മുലപ്പാല്‍ നല്‍കാന്‍ സാധിക്കില്ല എന്നതിനാല്‍ കുപ്പിപ്പാലാണ് കുഞ്ഞിന് നല്‍കുന്നത്.