കേരളം വിടുമോ ബൈജൂസ്? ഒരു കൂട്ടം ജീവനക്കാരെ ബാംഗ്ലൂരിലേക്ക് സ്ഥലംമാറ്റിയത് എന്തിന്? എല്ലാം വിശദീകരിച്ച് കമ്പനി
1 min read
കൊച്ചി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസ് കേരളത്തിലെ പ്രവ!ര്‍ത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഓഫീസ് അടച്ചുപൂട്ടി ജീവനക്കാരെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റിയെന്ന പരാതിയുമായി ജീവനക്കാര്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയെ കണ്ടതോടെ അഭ്യൂഹം ഏറെക്കുറെ ശരിയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ ഓഫീസുകള്‍ തുറക്കുമെന്നും വ്യക്തമാക്കി ബൈജൂസ് അധികൃതര്‍ രംഗത്തെത്തി.
കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വിദ്യാഭ്യാസ അപ്പ് കമ്പനിയായ ബൈജൂസ് അറിയിച്ചു. സംസ്ഥാനത്തെ ബൈജൂസ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൂവായിരത്തോളം ആളുകളില്‍ 140 പേരെ ബങ്കളൂരിലേക്ക് സ്ഥലം മാറ്റുകമാത്രമാണ് ചെയ്തതെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ ഈ വര്‍ഷം 3 സ്ഥാപനങ്ങള്‍ കൂടി തുടങ്ങുമെന്നും സംസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുണ്ടായിരുന്ന ബൈജൂസ് ജീവനക്കാര്‍ തൊഴില്‍ മന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം എത്തിയത്. നഷ്ടപരിഹാരം നല്‍കണമെന്നും കുടിശികയുള്ള ശമ്പളം നല്‍കണമെന്നുമടക്കമുള്ള ആവശ്യമുന്നയിച്ചാണ് ജീവനക്കാര്‍ മന്ത്രി ശിവന്‍കുട്ടിയെ കണ്ടത്. തൊഴില്‍ നഷ്ടമാകുന്നതടക്കം നിരവധി ആശങ്കകളാണ് ജീവനക്കാര്‍ പങ്കുവച്ചതെന്ന് മന്ത്രിയും വിശദമാക്കിയിരുന്നു. ജീവനക്കാരുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
അതേസമയം എഡ്യുടെക്ക് ഭീമനായ ബൈജൂസ് അടുത്ത കാലത്തായി വലിയ നഷ്ടക്കണക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടിയുടെ നഷ്ടം ബൈജൂസിനുണ്ടായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്ഥാപനമാണ് ബൈജൂസ്. അമ്പതിനായിരം ജീവനക്കാരാണ് ബൈജൂസില്‍ പ്രവര്‍ത്തിക്കുന്നത്. 2011ലാണ് ബൈജു രവീന്ദ്രന്‍ ബൈജൂസ് സ്ഥാപിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പാണ് ബൈജൂസ്. ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ് അടക്കമുള്ളവയാണ് ബൈജൂസിന് സാമ്പത്തിക പിന്തുണ നല്‍കുന്നത്. കമ്പനിക്ക് നിലവില്‍ 150 ദശലക്ഷം സബ്‌സ്‌ക്രൈബഴ്‌സ് ആണ് ഉള്ളത്. സമീപകാലത്ത് ആഗോള സാമ്പത്തിക സ്ഥിതി മോശം ആയിരുന്നിട്ടുകൂടി, തങ്ങള്‍ക്ക് വരുമാനം, വളര്‍ച്ച, ലാഭകരമായ മുന്നേറ്റം എന്നിവയില്‍ നേട്ടമുണ്ടാക്കാനായെന്ന് ബൈജു രവീന്ദ്രന്‍ അടുത്തിടെ പ്രതികരിച്ചത്.