എന്തുകൊണ്ട് 2018 ഓസ്‌കറിന്?

1 min read

2018 ഓസ്‌കറിനെത്തുന്നത് 22 സിനിമകളോട് മത്സരിച്ച്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി നേടി, മലയാളത്തിന് അഭിമാനമായി മാറി ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ വിരിഞ്ഞ 2018 എന്ന സിനിമ. ടൊവീനോ തോമസ് നായകനായ 2018, മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണ്. 2018ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം പശ്ചാത്തലമാക്കിയെടുത്ത സിനിമയാണിത്. മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥ. കുഞ്ചാക്കോ ബോബൻ, ലാൽ, നരേൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, സുധീഷ്, അജുവർഗീസ്, ഇന്ദ്രൻസ്, സിദ്ദീഖ്, രഞ്ജിപണിക്കർ, ജാഫർ ഇടുക്കി, അപർണ ബാലമുരളി തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ.പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 30 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.

വിവിധ ഭാഷകളിൽ നിന്നുള്ള 22 സിനിമകളിൽ നിന്നാണ് 2018നെ ഇന്ത്യയുടെ ഓസ്‌കർ എൻട്രിയായി തെരഞ്ഞെടുത്തത്. കേരള സ്‌റ്റോറി, മാമന്നൻ, വിടുതലൈ, ഗദ്ദർ 2, റോക്കി ഓർ റാണി കി പ്രേം കഹാനി തുടങ്ങിയ സിനിമകളോട് മത്സരിച്ചാണ് 2018 ഓസ്‌കർ എൻട്രി നേടിയത്. പ്രശസ്ത കന്നഡ സംവിധായകനായ ഗിരീഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള 16 അംഗ സെക്ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകം നേരിടുന്ന പ്രശ്‌നങ്ങളെ സിനിമയിലൂടെ ഇന്ത്യയ്ക്ക് മുന്നോട്ട് വയ്ക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് 2018 സിനിമയെന്ന് ജൂറി രേഖപ്പെടുത്തുന്നു.

”ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടമാണ് ജൂറി ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്. ഈ പ്രശ്‌നത്തിന്റെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കുക എന്നതാണ് അവരുടെ ചിന്ത” ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രവി കൊട്ടാരക്കര പറഞ്ഞു.

”പ്രകൃതിയും മനുഷ്യരാശിയും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു മെറ്റഫർ ആണ് ഈ ചിത്രമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കേരളത്തിലെയോ ചെന്നൈയിലെ മാത്രം പ്രളയമെന്ന രീതിയിലല്ല ഇത് അർത്ഥമാക്കേണ്ടത്. നമ്മുടെ വികസന സങ്കൽപ്പം എന്താണെന്നതിന്റെ ഒരു മെറ്റഫറാണിത്.” ഗിരീഷ് കാസറവള്ളി വ്യക്തമാക്കുന്നു.

മൂന്ന് മലയാള ചിത്രങ്ങളാണ് ഇതിനു മുൻപ് ഓസ്‌കർ വേദിയിലെത്തിയത്. 1997ൽ റിലീസ് ചെയ്ത ഗുരുവാണ് ഇതിൽ ആദ്യത്തേത്. സി.ജി.രാജേന്ദ്രബാബു രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് രാജീവ് അഞ്ചൽ ആണ്. നായകൻ മോഹൻലാലും. സലിംകുമാർ നായകനായ ആദാമിന്റെ മകൻ അബു 2011ൽ ഓസ്‌കർ എൻട്രി നേടി. സലിം അഹമ്മദാണ് ചിത്രത്തിന്റെ സംവിധായകൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ജല്ലിക്കെട്ട് ഓസ്‌കർ വേദിയിലെത്തിയത് 2019ലായിരുന്നു.

ഇതിനിടെ 2018ലെ അഭിനയത്തിന് ടൊവീനോ തോമസിന് മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരം ലഭിച്ചു. നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് പുരസ്‌കാരമാണ് ടൊവീനോ കരസ്ഥമാക്കിയത്. ഇൗ പുരസ്‌കാരം നേടുന്ന ദക്ഷിണേന്ത്യയിലെ ആദ്യ നടനാണ് ടൊവീനോ തേമസ്. ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വൻകരകളിലെ മികച്ച നടൻ, നടി, സിനിമ എന്നീ വിഭാഗങ്ങൾക്കാണ് സെപ്റ്റിമിയസ് പുരസ്‌കാരം നൽകുന്നത്. മികച്ച ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലും 2018 നോമിനേഷൻ നേടിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.