എന്തൊരു സിനിമയാണിത് ജൂഡ്? പോയി ഓസ്‌കർ കൊണ്ടു വാ എന്ന് ജൂഡിനോട് രജനീകാന്ത്
1 min read
രജനീകാന്തിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയെ വിവരിക്കാൻ വാക്കുകളില്ല എന്നു പറഞ്ഞ രജനീകാന്ത്, പോയി ഓസ്‌കർ കൊണ്ടുവാ എന്ന് ആശംസിച്ചുവെന്നും ജൂഡ് പറയുന്നു. തലൈവർ 170 എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തുള്ള രജനീകാന്തിനെ സന്ദർശിക്കാനെത്തിയതാണ് ജൂഡ് ആന്തണി . നിർമ്മാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും കൂടെയുണ്ടായിരുന്നു. ഈ സന്തോഷവാർത്ത ജൂഡ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത് ഇപ്രകാരമാണ്.
”എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അത്ഭുതകരമായ പ്രവൃത്തിതന്നെ. പോയി ഓസ്‌കർ കൊണ്ട് വാ. എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ട്.” എന്നാണ് തലൈവർ പറഞ്ഞത്. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യക്കും നന്ദി.”
രജനീകാന്തുമായുള്ള കൂടിക്കാഴ്ചയുടെ നിരവധി ചിത്രങ്ങളും ജൂഡ് അന്തണി പങ്കുവെച്ചിട്ടുണ്ട്. രജനിയുടെ കാലിൽ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങുന്നതും കെട്ടിപ്പിടിച്ചു നിൽക്കുന്നതുമായ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.