ഗവര്‍ണറുടെ അടുത്ത നീക്കമെന്ത്? നിയമ നടപടിക്ക് സാധ്യത ഉണ്ടോ? ഉറ്റുനോക്കി രാഷ്ട്രീയകേരളം,രാജ്ഭവന് സുരക്ഷ കൂട്ടി
1 min read
തിരുവനന്തപുരം : ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പിന്‍വലിക്കണം എന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തില്‍ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം.ഗവര്‍ണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.പോര് തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് ദില്ലിയിലാണ്
ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധം ഭരണ പക്ഷവും പ്രതിപക്ഷവും ഉയര്‍ത്തികഴിഞ്ഞു.എന്നാല്‍ ഗവര്‍ണര്‍ പ്രീതി നഷ്ടമായെന്ന്
പറഞ്ഞ സാഹചര്യത്തില്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന ആശങ്ക
സര്‍ക്കാരിനുണ്ട്.വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിനാണ് ഗവര്‍ണറുടെ കത്ത് വഴി തുറന്നത്.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. രാത്രിയോടെ
രാജ്ഭവന്‍ പരിസരത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികള്‍ നടക്കുന്ന സമയത്ത് എകെജി സെന്റര്‍ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്
ഗവര്‍ണറുടെ അടുത്ത നീക്കമെന്ത് ആകാംഷയോടെ രാഷ്ട്രീയ കേരളം, പ്രതിപക്ഷ പിന്തുണയുടെ ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്