ഇങ്ങനേയും ഒരു രാഹുല്‍ ദ്രാവിഡ്

1 min read

മെല്‍ബണ്‍: പൊതുവെ സമാധാന പ്രിയനാണ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. കളിച്ചിരുന്ന സമയത്തും അദ്ദേഹം വൈകാരികമായൊന്നും പ്രതികരിക്കാറില്ലായിരുന്നു. അമിത ആവേശമോ ആഘോഷമോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവാറില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ത്രില്ലിംഗ് വിജയം അദ്ദേഹം മതിമറന്ന് ആഘോഷിച്ചു. ക്രിക്കറ്റ് ലോകം ഒരിക്കല്‍ പോലും അദ്ദേഹത്തെ ഇത്തരത്തില്‍ കണ്ടിട്ടുണ്ടാവില്ല. അത്തരത്തിലായിരുന്നു ദ്രാവിഡിന്റെ ശരീരഭാഷ.

ശൂന്യതയില്‍ നിന്നാണ് കോലി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അവസാന മൂന്ന് ഓവറില്‍ 48 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കോലിയുടെ ഇന്നിംഗ്‌സ് (53 പന്തില്‍ പുറത്താവാതെ 82) ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചു. വിജയത്തിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോലിയെ എടുത്തുപൊക്കി വിജയം ആഘോഷിച്ചിരുന്നു. ഇതിനിടെയാണ് ദ്രാവിഡിന്റെ വിജയാഘോഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. വീഡിയോ കാണാം..

അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.

Related posts:

Leave a Reply

Your email address will not be published.