സന്തോഷമാണോ? സങ്കടമാണോ? മകളെ കോളേജില്‍ ചേര്‍ക്കാനെത്തി, കണ്ണീരണിഞ്ഞ് അച്ഛന്; വൈറല്‍
1 min read
മക്കള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നതും മാതാപിതാക്കളെ സംബന്ധിച്ച് അഭിമാനവും സന്തോഷവുമാണ്. വിദ്യാഭ്യാസത്തിനാണെങ്കില് പോലും മക്കളെ പിരിഞ്ഞിരിക്കുന്ന അവസ്ഥയും മാതാപിതാക്കളെ സംബന്ധിച്ച് വേദനാജനകമാണ്. മകളെ കോളേജില്‍ കൊണ്ടുപോയി വിട്ടതിന് ശേഷം സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും പൊട്ടിക്കരയുന്ന ഒരച്ഛന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 8 മില്യണ്‍ കാഴ്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചത്. ഒപ്പം 958000 ലൈക്കുകളും.
”ഞങ്ങളുടെ സ്വപ്നമായ ദില്ലി യൂണിവേഴ്സിറ്റിയിലെ മിറാന്‍ഡ ഹൗസ് കോളേജില്‍ അഡ്മിഷനായി എത്തിയതായിരുന്നു ഇത് കോളേജിലെ എന്റെ ആദ്യ ദിവസമായിരുന്നു, അതിനാല്‍ ഞങ്ങള്‍ ക്യാമ്പസ് ചുറ്റിക്കറങ്ങി കാണുകയായിരുന്നു. പെട്ടെന്ന് എന്റെ അച്ഛന്റെ കണ്ണില്‍ നിന്ന് കണ്ണുനീര് ഒഴുകുന്നത് ഞാന്‍ ശ്രദ്ധിച്ചു,’ പ്രേക്ഷ എന്ന പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു. സന്തോഷത്താല്‍ മതിമറന്ന അവസ്ഥയിലായിരുന്നു അദ്ദേഹം എന്ന് പ്രേക്ഷ പറയുന്നു.