തമിഴിലെ ഉയര്‍ന്ന പ്രതിഫലം വിജയ്ക്ക്

1 min read

ആദ്യ ചിത്രത്തിലെ പ്രതിഫലം 500, ഇന്ന് 120 കോടി വിജയ്‌ന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നത്

തമിഴകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനപ്രീതിയില്‍ മാത്രമല്ല, പ്രതിഫലത്തിലും മുന്നിലാണ് വിജയ്. ജയിലറില്‍ രജനീകാന്തിന്റെ പ്രതിഫലം 110 കോടി രൂപയായിരുന്നു. എന്നാല്‍ അതിനു ശേഷം വന്ന ലിയോയില്‍ വിജയ് വാങ്ങിയത് 120 കോടി രൂപയാണത്രേ.

ആരെയും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു വിജയ് എന്ന നടന്റെ വളര്‍ച്ച. 1984ല്‍ ബാലതാരമായി അരങ്ങേറ്റം കുറിക്കുമ്പോള്‍ താരത്തിന്റെ പ്രതിഫലം 500 രൂപയായിരുന്നു. പിതാവ് എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വെട്രിയായിരുന്നു വിജയുടെ അരങ്ങേറ്റ ചിത്രം. വിജയ് നായകനാകുന്നതും അച്ഛന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. 1992ല്‍ റിലീസ് ചെയ്ത നാളൈയാ തീര്‍പ്പ് എന്ന ചിത്രമായിരുന്നു അത്.

2004ല്‍ തൃഷയോടൊപ്പം അഭിനയിച്ച ഗില്ലി വന്‍ വിജയമായതോടെ താരത്തിന്റെ കരിയര്‍ ഗ്രാഫ്. കുത്തനെ ഉയര്‍ന്നു. ഗില്ലിയില്‍ വിജയ് വാങ്ങിയ പ്രതിഫലം ഒരു കോടിക്കും താഴെയായിരുന്നു. ചിത്രം തീയേറ്ററുകളില്‍ 200 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു. 8 കോടി മുതല്‍ മുടക്കുള്ള ചിത്രം തിയേറ്ററുകളില്‍ നിന്ന് കൊയ്തത് 50 കോടി രൂപയായിരുന്നു.

പിന്നീട് 8 വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഒരു വിജയ് ചിത്രം 100 കോടി ക്ലബിലെത്താന്‍. AR മുരുകദോസ് സംവിധാനം ചെയ്ത തുപ്പാക്കിയാണ് ആ ചിത്രം. ഇതോടെ വിജയ് വീണ്ടും തന്റെ പ്രതിഫലമുയര്‍ത്തി. 15 കോടിയിലേക്ക്. സിനിമകള്‍ തുടര്‍ച്ചയായി വിജയിച്ചതോടെ താരത്തിന്റെ പ്രതിഫലവും ഉയര്‍ന്നു കൊണ്ടേയിരുന്നു.

അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സലില്‍ അഭിനയിക്കുന്നതിന് വിജയ് വാങ്ങിയത് 25 കോടി രൂപയാണ്. 2019ല്‍ സര്‍ക്കാരില്‍ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രതിഫലം 35 കോടിയായി. AR മുരുകദോസാണ് സര്‍ക്കാരിന്റെ സംവിധായകന്‍. 2 ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ കൊയ്ത സര്‍ക്കാര്‍ ഫ്രാന്‍സ്, സ്‌പെയിന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു.

വിജയ് അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗില്‍ വന്‍ വിജയമായിരുന്നു. ഇതിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത രായപ്പന്‍ എന്ന കഥാപാത്രത്തിനു വേണ്ടി വിജയ് വാങ്ങിയത് 50 കോടി രൂപ. ബിഗിലിന്റെ വിജയത്തോടെ താരത്തിന്റെ പ്രതിഫലം വീണ്ടുമുയര്‍ന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മാസ്റ്റര്‍ ആയിരുന്നു അടുത്ത ചിത്രം. ലോകേഷും വിജയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരുന്നു മാസ്റ്റര്‍. ചിത്രത്തില്‍ വിജയിന്റെ പ്രതിഫലം 100 കോടി. കോവിഡ് കാരണം സിനിമ ഇറങ്ങാന്‍ വൈകിയതിനാല്‍ വിജയ് 201 കോടി രൂപ നിര്‍മ്മാതാവിന് തിരിച്ചു കൊടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാസ്റ്ററിനു ശേഷമുള്ള എല്ലാ ചിത്രങ്ങള്‍ക്കും വിജയ് വാങ്ങിയ പ്രതിഫലം 100 കോടി രൂപയായിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീറ്റ്‌സിലെ പ്രതിഫലവും 100 കോടി തന്നെ. പിന്നാലെയെത്തിയ വാരിസില്‍ അത് 110 കോടിയായി. ഇപ്പോഴിതാ ലിയോയില്‍ 120 കോടിയില്‍ എത്തിയിരിക്കുന്നു വിജയിന്റെ പ്രതിഫലം. ലിയോ ഗംഭീര വിജയം നേടിയാല്‍ 150 കോടിയിലേക്ക് താരം വീണ്ടും തന്റെ പ്രതിഫലം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related posts:

Leave a Reply

Your email address will not be published.