ഷാരോണും കാമുകിയും ചേര്‍ന്ന് ജൂസ് ചലഞ്ച് ഗെയിമും, തെളിവായി വീഡിയോ ദൃശ്യങ്ങള്‍
1 min read
തിരുവനന്തപുരം : വിഷാംശം കലര്‍ന്ന പാനീയം കുടിച്ചതിനെ തുടര്‍ന്ന് പാറശ്ശാല സ്വദേശി ഷാരോണ്‍ രാജ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാമുകി നല്‍കിയ കഷായവും ജൂസും കുടിച്ചതിന് പിന്നാലെയാണ് യുവാവിന് ശാരീരികാസ്വാസ്ത്യമുണ്ടായത്. കഷായത്തിലാണോ ജൂസിലാണോ മരണത്തിലേക്ക് നയിച്ച വിഷാംശം അടങ്ങിയിരുന്നതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
അതിനിടെ, മുന്‍പ് ഇരുവരും ഒരു ജൂസ് ചലഞ്ച് ഗെയിമും നടത്തിയിരുന്നതായി കണ്ടെത്തി. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെണ്‍കുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോണ്‍ രാജിന് ഛര്‍ദ്ദില്‍ ഉണ്ടായതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
കാമുകിയുമായി ഷാരോണ്‍ രാജ് നടത്തിയ വാട്‌സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്ത് വന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പുറയുന്നുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്.
യുവതിയുടെ ജാതകദോഷം, ഷാരോണ്‍ ജാതക ദോഷത്തിന്റെ ഇരയോ
ഷാരോണിനെ, യുവതി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. ഈ മാസം 14ന് തമിഴ്‌നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍ അവരുടെ വീട്ടിലേക്ക് പോയത്. അവിടെ നിന്നും യുവതി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശനായ ഷാരോണ്‍ രാജ് 11 ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് യുവതിയുടെ ജാതകദോഷം മാറ്റാനായി, ആസൂത്രിതമായി ചെയ്ത കൊലപാതകമാണിതെന്ന് ആരോപിച്ച് ഷാരോണ്‍ രാജിന്റെ കുടുംബം രംഗത്തെത്തിയത്. ഷാരോണും തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയതായും കുടുംബം പറയുന്നു. തുടര്‍ന്ന് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, തന്റെ ജാതക പ്രകാരം നവംബറിന് മുമ്പ് തന്റെ വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് യുവതി, ഷാരോണിനോട് പറഞ്ഞിരുന്നെന്നും ഇതിനാലാണ് സെപ്തംബറിലേക്ക് വിവാഹം മാറ്റിവച്ചതെന്നും ഷാരോണിന്റെ കുടുംബം പറയുന്നു.