ബൈക്കില്‍ സഞ്ചരിച്ച് കുളി; കൊല്ലത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍
1 min read
കൊല്ലം: ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സോപ്പ് തേച്ച് കുളിച്ച് രണ്ട് യുവാക്കള്‍. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഭരണിക്കാവിലാണ് സംഭവം. സിനിമാപ്പറമ്പിലിനടുത്ത് അജ്മല്‍, ബാദുഷ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തിരക്കേറിയ ഭരണിക്കാവ് ടൗണിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ബൈക്ക് ഓടിക്കുന്നതിനിടെ യുവാക്കള്‍ സോപ്പ് തേച്ച് കുളിക്കുകയായിരുന്നു. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരിക്കുന്നത്.
ഈ യുവാക്കള്‍ അര്‍ദ്ധന?ഗ്നരായി ബൈക്കില്‍ യാത്ര ചെയ്തു കൊണ്ട് തന്നെ സോപ്പ് തേച്ച് കുളിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ തന്നെ പകര്‍ത്തി. പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. ഇത് വലിയ രീതിയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. ഇന്നലെ വൈകിട്ടാണ് ഇവരെ കണ്ടെത്തി സ്റ്റേഷനിലേക്ക് എത്തിച്ചത്. വൈകിട്ട് കളിക്കാന്‍ പോയിരുന്നു. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ കനത്ത മഴയായിരുന്നു. നനഞ്ഞ ടീഷര്‍ട്ട് ഊരി, കുളിച്ചതാണ് എന്നാണ് യുവാക്കള്‍ പൊലീസിന് നല്കിയ വിശദീകരണം. അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്തത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിഴ ഈടാക്കി വിട്ടയച്ചു എന്നാണ് ഇപ്പോള്‍ അറിയുന്നത്.