റേഡിയന്റ് വാമര്‍ അമിതമായി ചൂടായി; ഐസിയുവില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം
1 min read
Women holding and looking at her godson at hospital
ജയ്പൂര്‍: കുട്ടികളുടെ തീവ്രപരിചരണ വിഭാ?ഗത്തിലെ റേഡിയന്റ് വാമര്‍ (നവജാത ശിശുക്കളുടെ ശരീര താപനില കുറയാതെ സൂക്ഷിക്കുന്ന യന്ത്രം) അമിതമായി ചൂടായതിനെ തുടര്‍ന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു. രാജസ്ഥാനിലെ ഭില്‍വാരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള പെണ്‍കുട്ടി ബുധനാഴ്ചയും 10 ദിവസം പ്രായമുള്ള ആണ്‍കുട്ടി വ്യാഴാഴ്ചയും മരിച്ചു. രണ്ട് കുട്ടികള്‍ക്കും അമിത ചൂടേറ്റതിനെ തുടര്‍ന്ന് പൊള്ളലേറ്റു. നാല്‍പ്പതോളം കുഞ്ഞുങ്ങളാണ് എന്‍ഐസിയുവില്‍ ഉണ്ടായിരുന്നത്. മരണത്തെത്തുടര്‍ന്ന് പ്രതിഷേധവുമായി കുടുംബങ്ങള്‍ രം?ഗത്തെത്തി. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
മരിച്ച ശിശുക്കളില്‍ ഒരാളുടെ അമ്മ വാമറിന്റെ സെന്‍സറില്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചതാകാം അപകടകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഒരു കുഞ്ഞിന്റെ അമ്മ രാത്രിയില്‍ തന്റെ കുഞ്ഞിന് പാലുട്ടാന്‍ എത്തിയിരുന്നു. താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന വാമറിന്റെ സെന്‍സറില്‍ അവര്‍ അബദ്ധവശാല്‍ തൊട്ടിട്ടുണ്ടാകാമെന്നും അങ്ങനെയാകാം ചൂട് കൂടിയതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അരുണ്‍ ഗൗര്‍ അവകാശപ്പെട്ടു. കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സിംഗ് സ്റ്റാഫിനെ നീക്കി.
കുട്ടികളുടെ കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. കഴിഞ്ഞ ഏപ്രിലില്‍ ബീവറിലെ സര്‍ക്കാര്‍ ആശുപത്രിയിലെ റേഡിയന്റ് വാമറിന് തീപിടിച്ച് രണ്ട് ശിശുക്കള്‍ മരിച്ചിരുന്നു. തുടര്‍ന്ന് പഴക്കമുള്ള ഉപകരണങ്ങളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 2019 ഡിസംബറില്‍ ആല്‍വാറില്‍ നിന്ന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.