മനുഷ്യന്റെ തല കടിച്ചുകൊണ്ട് ഓടുന്ന നായ; പേടിപ്പെടുത്തുന്ന വീഡിയോ പ്രചരിക്കുന്നു

1 min read

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ തരം വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും നമ്മെ ചിരിപ്പിക്കുന്നതോ, സന്തോഷിപ്പിക്കുന്നതോ അല്ലെങ്കില്‍ നമുക്ക് അറിവുകള്‍ പകര്‍ന്നുനല്‍കുന്നതോ എല്ലാം ആകാറുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം വീഡിയോകളാകട്ടെ, തീര്‍ത്തും ദയാരഹിതമായ ലോകത്തിന്റെ ഒരു പ്രതിഫലനം പോലെ നമ്മെ പേടിപ്പെടുത്തുന്നതോ ആശങ്കകളിലേക്കോ ഉത്കണ്ഠയിലേക്കോ തള്ളിവിടുന്നതോ ആകാറുണ്ട്.

അത്തരത്തില്‍ കാഴ്ചക്കാരെ മാനസികമായി ഏറെ ബാധിക്കുന്നൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാതൊരു കാരണവശാലും സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കാന്‍ പാടില്ലാത്തൊരു വീഡിയോ ആണിതെന്ന് നിസംശയം പറയാം. കാരണം അത്രമാത്രം ഹിംസാത്മകമായ ഉള്ളടക്കമാണ് ഇതിലുള്ളത്.

ഒരു മനുഷ്യന്റെ തലയും കടിച്ചുകൊണ്ട് റോഡരികിലൂടെ ഓടിപ്പോകുന്ന തെരുവുനായയെ ആണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. മെക്‌സിക്കോയിലെ സകാറ്റെകസില്‍ നിന്നാണത്രേ ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ഇതുവഴി വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരാണ് അസാധാരണമായ കാഴ്ച കണ്ട് അത് വീഡിയോയില്‍ പകര്‍ത്തിയത്. ഇവരിത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പിന്നീടിത് വ്യാപകമാവുകയും ചെയ്യുകയായിരുന്നു.

കഴുത്തിന് മുകളിലേക്ക് അറ്റ നിലയിലുള്ള തല നായ കടിച്ചുപിടിച്ചിരിക്കുകയാണ്. ഏറെ ദൂരം നായ ഇങ്ങനെ ഓടുന്നത് വീഡിയോയില്‍ കാണാം. ഇതിനെ പിന്തുടര്‍ന്ന് കൊണ്ടാണ് വാഹനത്തിലെ യാത്രക്കാര്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

പ്രദേശത്തുള്ള ലഹരിമരുന്ന് മാഫിയ ടീമുകള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ കൊല്ലപ്പെട്ട ആരുടെയോ ശരീരാവശിഷ്ടമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാലിത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ലത്രേ. ഇത്തരത്തിലുള്ള ‘ഗ്യാംഗ് വാറുകള്‍’ ഇവിടെ പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷേ തെരുവുനായയുടെ സംഭവം തന്നെ അധികൃതര്‍ക്കും പൊലീസിനും എതിരെയുള്ളൊരു വെല്ലുവിളിയും ആകാമെന്നാണ് പലരുടെയും നിഗമനം.

ലോകത്തിലെ തന്നെ ഏറ്റവും ഭീകരരായ ലഹരിക്കടത്ത് സംഘങ്ങള്‍ മെക്‌സിക്കോയിലുണ്ടെന്നും ഇതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ എന്നും കമന്റിലൂടെ ചൂണ്ടിക്കാട്ടുന്നവരും ഏറെയാണ്.

കഴിഞ്ഞ മാസം തെക്ക് പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ഗ്വറേറോയില്‍ നടന്ന ഒരു സംഘര്‍ഷത്തില്‍ ഒരു മേയറും മുന്‍ മേയറും അടക്കം പതിനെട്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇങ്ങനെയൊരു സംഭവമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭയാനകമായ വീഡിയോ ഈ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തീര്‍ച്ചയായും അനാരോഗ്യകരമായ പ്രവണതയാണ്. കുട്ടികളും രോഗികളുമടക്കം ഏവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഇക്കാലത്ത് ഇത്തരം വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് തന്നെയാണ് ആവശ്യമുയരുന്നത്. പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിലവില്‍ ഇതുപോലുള്ള ചിത്രങ്ങളോ വീഡിയോകളോ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് ഈ വീഡിയോ ഇതുവരെയും നീക്കം ചെയ്യപ്പെടാത്തത് എന്നാണ് പലരും ചോദിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.