മൂലധനമില്ല; പ്രവര്‍ത്തനം നിലച്ച് കേരള സര്‍ക്കാര്‍ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി; ജീവനക്കാര്‍ സമരത്തിന്
1 min read
പത്തനംതിട്ട: പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി കടുത്ത പ്രതിസന്ധിയില്‍. കഴിഞ്ഞ ഏഴ് മാസമായി കേരള സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കമ്പനിയില്‍ ഉത്പാദനം നടക്കുന്നില്ല. പ്രവര്‍ത്തന മൂലധനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മനേജ്‌മെന്റിന്റെ വിശദീകരണം. ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍.
കേബിള്‍ നിര്‍മ്മാണത്തില്‍ സ്വകാര്യ കമ്പനികളേക്കാള്‍ പേര് കേട്ട സ്ഥാപനമാണ് ട്രാക്കോ കേബിള്‍സ്. എറണാകുളം ജില്ലയിലെ ഇരുമ്പനത്തും പത്തനംതിട്ടയിലെ തിരുല്ലയിലും കണ്ണൂരിലെ പിണറായിലുമായി മൂന്ന് യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. പ്രതിവര്‍ഷം കോടി കണക്കിന് രൂപയുടെ വിറ്റു വരവുണ്ടായിരുന്ന സ്ഥാപനമാണിത്. നിലവില്‍ പിണറായിയിലെ യൂണിറ്റ് ഒഴിച്ച് ബാക്കി രണ്ടിടത്തും കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു.
ഉദ്പ്പാദനം ഇല്ലെങ്കിലും ദിവസേന ജീവനക്കാര്‍ ജോലിക്ക് എത്തുന്നുണ്ട്. രാവിലെയെത്തി യൂണിഫോം ഇട്ട് വൈകീട്ട് യൂണിഫോം അഴിച്ച് വെച്ച് മടങ്ങുന്നതല്ലാതെ കമ്പനിയില്‍ ഒന്നും നടക്കുന്നില്ല . കെഎസ്ഇബിക്ക് വേണ്ട ഉന്നത നിലവാരമുള്ള എസി, എസ്ആര്‍, എല്‍ടി, യുജി കേബിളുകള്‍ വാങ്ങിയിരുന്നത് ട്രാക്കോ കേബിള്‍സില്‍ നിന്നാണ്. മൂലധനം ഇല്ലാതെ വന്നതോടെ കെഎസ്ഇബിക്ക് വേണ്ട കേബിള്‍ പൂര്‍ണമായും ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ കെഎസ്ഇബി കരാര്‍ റദ്ദാക്കി പുറത്ത് നിന്ന് കേബിള്‍ വാങ്ങാന്‍ തുടങ്ങി.
അഞ്ഞൂറുലധികം തൊഴിലാളികളാണ് കമ്പനിയിലുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകള്‍ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും ചര്‍ച്ച പോലും നടന്നിട്ടില്ല. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന, സംസ്ഥാനത്തെ ഒരു പൊതു മേഖല സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥയാണിത്. അടച്ചുപൂട്ടലിന്റെ വക്കിലാണ് കമ്പനി. ഇനി ഈ സ്ഥാപനത്തെ രക്ഷിക്കണമെങ്കില്‍ വ്യവസായ വകുപ്പും വൈദ്യുത വകുപ്പും കൈകോര്‍ക്കേണ്ടതുണ്ട്. കെഎസ്ഇബിയുടെ ഓര്‍ഡറുകള്‍ ട്രോക്കോ കേബിള്‍സിന് നല്‍കിയാല്‍ ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കാമെന്നാണ് തൊഴിലാളികളുടെ വാദം.