വനംവകുപ്പിന്റെ കെണിയില്‍ വീഴാതെ കൃഷ്ണഗിരിയിലെ കടുവ, വീണ്ടും വളര്‍ത്തു മൃഗങ്ങളെ കൊന്നു; ചീരാലില്‍ പ്രതിഷേധം
1 min read
വയനാട്: വയനാട്ടിലെ കൃഷ്ണഗിരിയില്‍ വീണ്ടും കടുവയുടെ ആക്രമണം. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ രണ്ട് ആടുകളെ ഇന്ന് കടുവ കൊന്നു. ഇതോടെ ചീരാല്‍ മേഖലയില്‍ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 വളര്‍ത്തു മൃഗങ്ങളായി. അതേസമയം കടുവയെ പിടികൂടാനുള്ള നടപടികള്‍ ഇനിയും വിജയം കണ്ടിട്ടില്ല. ഒരു മാസമായിട്ടും തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
വൈല്‍ഡ് ലൈഫ് വാര്ഡന് കഴിഞ്ഞ ദിവസം പ്രദേശം സന്ദര്‍ശിച്ചിരുന്നു. ചീഫ് വെറ്റിനറി സര്ജന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആ!ര്‍ആര്‍ടി ടീമും കടുവയുടെ നീക്കം മനസ്സിലാക്കാന്‍ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാന്‍ 3 കൂടുകളും ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ 18 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളില്‍ കടുവ കൂടിന് സമീപം വരെ എത്തുന്നത് വ്യക്തമാകുന്നുണ്ട്. എന്നാല്‍ കൂട്ടില്‍ കയറുന്നില്ല.
ഇന്ന് വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ കൊല്ലപ്പെട്ടതോടെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കടുവയെ ഉടന്‍ പിടികൂടാനായില്ലെങ്കില്‍ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. ഇതിനിടെ വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്കാന് നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.