തെരുവുനായയുടെ ആക്രമണം; ഓട്ടോ ഡ്രൈവര്‍മാരടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
1 min read
കായംകുളം: എരുവയില്‍ തെരുവുനായ ആക്രമത്തില്‍ ഓട്ടോ ഡ്രൈവര്‍മാരടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. എരുവ ചിറയില്‍ വടക്കതില്‍ ലക്ഷ്മി ഭവനത്തില്‍ ഹരികുമാര്‍ (54), രാജു ഭവനത്തില്‍ രാജു (57), കാഞ്ഞിരക്കാട്ട് പടീറ്റതില്‍ രമണന്‍ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ ഹരികുമാറിനെയും രാജുവിനെയും ഏരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കയറിയാണ് തെരുവ് നായ കടിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്ത് നിന്ന രമണന് കടിയേറ്റത്. പാഞ്ഞടുത്ത തെരുവ് നായ രമണനെ മറിച്ചിട്ട ശേഷമാണ് കടിച്ചത്. മൂവര്‍ക്കും കാലിനാണ് കടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.