ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഇല്ല ,കെസി വേണുഗോപാലിന് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായി എന്ന് കരുതുന്നു
1 min read
ഗവര്‍ണര്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് വ്യക്തമാക്കി. കെ സി വേണുഗോപാല്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ആണ് പ്രതികരിച്ചത്. അദ്ദേഹത്തിന് ഇപ്പൊള്‍ കാര്യങ്ങള്‍ ബോധ്യമായി എന്ന് കരുതുന്നുവെന്നും കെ സുധാകരന്. വിഡി സതീശനും ചെന്നിത്തലയുമായും ചര്‍ച്ച നടത്തി. ലീഗിനും അനുകൂല നിലപാട് തന്നെ. ലീഗ് മുന്നണി യോഗത്തില്‍ ഈ അഭിപ്രായത്തോട് യോജിച്ചു സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നിലപാടിനോട് കോണ്‍ഗ്രസിലേയും ലീഗീലേയും നേതാക്കള്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് സുധാകരന്റെ വിശദീകരണം.
വിസിമാര്‍ക്കെതിരായ നീക്കത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കെ മുരളീധരന് ഇന്നലെ രംഗത്ത് വന്നിരുന്നു. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന് എംപി ചോദിച്ചു.ഗവര്‍ണര്‍ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവര്‍ണര്‍ എടുത്തു ചാടി പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ രാജാവ് ആണോ? ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരന് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് മുരളീധരന് തള്ളി. പാര്‍ട്ടിക്ക് ഉള്ളില്‍ ഇതേക്കുറിച്ച് ചര്‍ച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരന് വ്യക്തമാക്കി.
ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്.. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന് ചോദിച്ചു. എന്നാല്‍ ഗവര്‍ണറെ പിന്തുണക്കില്ലെന്ന് ലീഗ് ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാള്‍ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.