വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഒത്തുകളിച്ച് സ്‌കൂള്‍ അധികൃതരും എംവിഡിയും; ബസിന് അപകടസമയത്ത് പെര്‍മിറ്റുണ്ടായിരുന്നില്ല
1 min readകോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ സ്‌കൂളിലെ ബസ്സ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കള്ളക്കളി പുറത്ത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കി. അപകടം നടക്കുമ്പോള്‍ ബസ്സിന് പെര്‍മിറ്റ് ഇല്ലായിരുന്നു എന്നതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. സ്‌കൂള്‍ അധികൃതര്‍ പെര്‍മിറ്റ് പുതുക്കിയത് ഇന്നലെ രാത്രി 7. 24ന്. പുതുക്കിയ പെര്‍മിറ്റിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈ വര്‍ഷം ആഗസ്റ്റിലാണ് ബസിന്റെ പെര്‍മിറ്റ് കാലാവധി അവസാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രം?ഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ പെര്‍മിറ്റ് പുതുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു എന്നും 7500 രൂപ പിഴതുക ഈടാക്കി എന്നും മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു.
കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്‌കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്‌കൂളിനോട് തന്നെ ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.
അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങള്‍ കുഴിയില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്‌കൂള്‍ ബസില്‍ ഉരസുകയും ചെയ്തു. ബസുകള്‍ക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയില്‍പ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാഴൂര്‍ സ്വദേശി ബാവയുടെ മകനാണ് ബാഹിഷ്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയുള്‍പ്പെടെ അറിയിക്കാന്‍ ഏറെ വൈകിയെന്നാണ് പരാതി. അപകടമുണ്ടാക്കിയ കെ എല്‍ 57 ഇ 9592 എന്ന സ്‌കൂള്‍ ബസിന് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റില്ലെന്നും ആരോപണമുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോള്‍, ഓഗസ്റ്റ് മാസത്തോടെ പെര്‍മിറ്റ് കാലാവധി തീര്‍ന്നതായാണ് കാണുന്നത്.
സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതടക്കമുള്ള ഗുരുതര വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ആരോപണം. എന്നാല്‍ പെര്‍മിറ്റ് പുതുക്കിയതെന്നും വെബ്‌സൈറ്റില്‍ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്. കുട്ടിക്ക് ചികിത്സ നല്‍കുന്ന കാര്യത്തിലുള്‍പ്പെടെ അലംഭാവമുണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.