വിജയ് യുടെ മകനായി മാത്യു
1 min readവിജയ്.യുടെ ഛായയുണ്ടെന്ന കളിയാക്കലുകൾ ഒരുകാലത്ത്, ഇപ്പോൾ ലിയോയിൽ വിജയ്.യുടെ മകൻ
നടൻ വിജയുമായുള്ള നേരിയ സാദൃശ്യത്തിന്റെ പേരിൽ ഒട്ടേറെ പരിഹാസത്തിനിടയായ ചെറുപ്പക്കാരനാണ് മാത്യു തോമസ്. ജീവിതത്തിലും വിജയ് ആരാധകനാണ് മാത്യു. കുമ്പളങ്ങി നൈറ്റ്സ് മുതൽ പറഞ്ഞുകേൾക്കുന്നതാണ് മാത്യുവിന് വിജയിന്റെ ഛായയുണ്ടെന്ന്. അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും വിജയ് സിനിമകളുടെ റഫറൻസ്. ഇപ്പോഴിതാ വിജയ് യുടെ മകനായി എത്തുന്നു മാത്യു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന. ലിയോയിൽ വിജയ്യുടെ മകനായി എത്തുകയാണ് മാത്യു തോമസ്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രംകൂടിയാണ് ലിയോ. എന്നാൽ സിനിമ പുറത്തിറങ്ങുന്നതുവരെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കും. ചിത്രത്തിന്റെ ട്രെയിലറിൽ മാത്യുവിന്റേതായി മൂന്ന് ഷോട്ടുകളുണ്ട്. അൻപെനും എന്ന ഗാനരംഗത്തിൽ വിജയ്ക്കും തൃഷക്കുമൊപ്പം മാത്യുവിനെ കാണാം.
ഒടിടിയിലൂടെയാണ് ലോകേഷ്, മാത്യുവിന്റെ സിനിമകൾ കാണുന്നത്. താരത്തിന്റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ലോകേഷ് പറയുന്നതിങ്ങനെയാണ് : ”നല്ല പെർഫോമറാണ് മാത്യു. മാത്യുവിന് ഈ വേഷം നന്നായി ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. മനസ്സിലുള്ള കഥാപാത്രങ്ങളെ താരങ്ങൾക്ക് നൽകുമ്പോൾ തന്നെ നമ്മുടെ പകുതി ജോലി പൂർത്തിയായി. മാത്യു സൂപ്പറായി ചെയ്തിട്ടുണ്ട്”.
2019ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ഇതിലെ മൂന്നു ചേട്ടൻമാരുടെ അനിയനായ ഫ്രാങ്കി നെപ്പോളിയൻ പ്രേക്ഷകശ്രദ്ധ നേടി. അതേ വർഷം തന്നെ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിൽ ഒരു പ്ലസ്ടുക്കാരന്റെ ജീവിതവും പ്രണയവും അവതരിപ്പിച്ച് യുവതാരങ്ങളുടെ നിരയിലേക്ക് നടന്നു കയറി മാത്യു. ചിത്രത്തിലെ നായകനായ ജെയ്സൺ ആയിരുന്നു മാത്യുവിന്റെ കഥാപാത്രം. തണ്ണീർ മത്തൻ ദിനങ്ങൾ മാത്യുവിന്റെ കരിയറിലെ ബ്രേക്കായി എന്നു തന്നെ പറയാം. പിന്നീട് അഞ്ചാം പാതിരയിൽ അതിഥിവേഷം. 2021ൽ ഓപ്പറേഷൻ ജാവയിലൂടെ ജെറി. മമ്മൂട്ടിയോടൊപ്പം വൺ എന്ന സിനിമയിൽ സഹനടൻ. തുടർന്ന് പ്രകാശൻ പറക്കട്ടെ, ജോ & ജോ, ക്രിസ്റ്റി, വിശുദ്ധ മെജോ, നെയ്മർ, 18+ തുടങ്ങി ആറോളം സിനിമകൾ. എല്ലാം ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ലിയോയിൽ മാത്യു കാത്തുവെച്ച അത്ഭുതമെന്തെന്നറിയാൻ 19-ാം തീയതി വരെ കാത്തിരിക്കാം.