തമിഴ്‌നാട്ടില്‍ നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങള്‍ ലണ്ടന്‍ വഴി അമേരിക്കയിലെത്തി; വീണ്ടെടുക്കാനായി സിഐഡികള്‍

1 min read

ചൈന്നൈ: മോഷ്ടിച്ച് കടത്തിയ രണ്ട് പുരാതന വിഗ്രഹങ്ങള്‍ കണ്ടെത്താനായി തമിഴ്‌നാട് സിഐഡി സംഘം. തമിഴ്‌നാട് തിരുവാരൂരിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്ന് അന്‍പത് വര്‍ഷം മുമ്പ് മോഷണം പോയ രണ്ട് പുരാതന വെങ്കല വിഗ്രഹങ്ങള്‍ വീണ്ടെടുക്കാനാണ് നടപടി തുടങ്ങിയത്. ഉമാ സോമസ്‌കന്ദരുടേയും തിരുജ്ഞാന സംബന്ധരുടേയും വിഗ്രഹങ്ങള്‍ അമേരിക്കയിലുണ്ടെന്ന് സിഐഡി ഐഡോള്‍ വിഭാഗം കണ്ടെത്തിയിരുന്നു. ഇതില്‍ ആദ്യത്തേത് ഇപ്പോഴുള്ളത് വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ സാക്‌ലര്‍ മ്യൂസിയത്തിലാണ്.

നൃത്തം ചെയ്യുന്ന രൂപത്തിലുള്ള തിരുജ്ഞാന സംബന്ധരുടെ വിഗ്രഹം ലണ്ടന്‍ ആസ്ഥാനമായ ലേല സ്ഥാപനമായ ക്രിസ്റ്റീസ് ഡോട് കോം, ഒരു അമേരിക്കന്‍ പൗരന് 81 ലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റതായി വിവരം കിട്ടിയിരുന്നു. ഇതിപ്പോള്‍ ആരുടെ കൈവശമാണെന്ന വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

ക്ഷേത്രത്തില്‍ മോഷണം നടന്നതായി കണ്ടെത്തിയത് 2017ലാണ്. പുരാതന വിഗ്രങ്ങള്‍ മോഷ്ടിച്ചതിന് ശേഷം ആരോ വ്യാജ തനിപ്പകര്‍പ്പുകള്‍ പകരം വയ്ക്കുകയായിരുന്നു. മ്യൂസിയത്തിന്റേയും ലേല സ്ഥാപനത്തിന്റേയും വെബ്‌സൈറ്റുകളില്‍ വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ കണ്ട് തിരിച്ചറിഞ്ഞതിന് ശേഷമാണ് നടപടി തുടങ്ങിയത്. ഇവ അമേരിക്കയിലെത്തിയത് എങ്ങനെയെന്ന് ഇപ്പോള്‍ വ്യക്തമല്ല. പുരാവസ്തുക്കളുടെ കൈവശാവകാശം സംബന്ധിച്ച യുനസ്‌കോ ഉടമ്പടിപ്രകാരമാണ് തമിഴ്‌നാട് പൊലീസ് സിഐഡി വിഭാഗം വിഗ്രഹങ്ങള്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ നീക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.