വിജയ് കേരളത്തില്‍ ജനിച്ചാല്‍ മതിയായിരുന്നു

1 min read

ലിയോയുടെ റിലീസ് വൈകിയതില്‍ നിരാശയോടെ തമിഴകം

തമിഴകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലിയോ. തമിഴകത്തിന്റെ ആവേശമാണ് ചിത്രത്തിന്റെ ഹൈപ്പ് ഇത്രമാത്രം കൂട്ടിയതും. പക്ഷേ, കാത്തുകാത്തിരുന്ന് ചിത്രമെത്തിയപ്പോള്‍ വല്ലാത്ത നിരാശയായി തമിഴ് പ്രേക്ഷകര്‍ക്ക്. തമിഴ്‌നാട്ടിലെ റിലീസ് വൈകി എന്നതാണ് ഇതിനു കാരണം. പല സംസ്ഥാനങ്ങളിലും പുലര്‍ച്ചെ നാലു മണിക്കു തന്നെ ചിത്രം പ്രദര്‍ശിപ്പിച്ചു. പക്ഷേ തമിഴ്‌നാട്ടില്‍ 9 മണിക്കായിരുന്നു റിലീസ്. ലിയോയ്ക്ക് നാലു മണി ഷോ വേണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ലോകം മുഴുവന്‍ കണ്ട് റിവ്യൂകള്‍ എത്തിയ ശേഷമേ തങ്ങള്‍ക്ക് സിനിമ കാണാന്‍ കഴിഞ്ഞുള്ളൂ എന്നതിന്റെ നിരാശയിലാണ് തമിഴ് ആരാധകര്‍. മാത്രമല്ല തിയേറ്ററുകള്‍ ആഘോഷമില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

”എങ്ക ദളപതി സാര്‍ അവര്. അദ്ദേഹത്തിന്റെ സിനിമ നമ്മളാണോ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവരാണോ ആദ്യം കാണേണ്ടത്? 4 മണി ഷോ ആയിരുന്നെങ്കില്‍ വന്‍ ആഘോഷമായിരിക്കും തിയറ്ററുകളില്‍. ഇന്ന് നോക്കിക്കേ അനാഥമായാണ് തിയേറ്ററുകള്‍ കിടക്കുന്നത്. ” ഒരു ആരാധകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ആദ്യം തന്നെ കാണാന്‍ പറ്റിയില്ല എന്ന നിരാശ വെളിപ്പെടുത്തുന്നു ചിലര്‍. ”ഞങ്ങള്‍ വിജയ് ചിത്രത്തിന്റെ ആഘോഷം കാണാനാണ് ചെന്നൈയില്‍ എത്തിയത്. പക്ഷേ, നിരാശ മാത്രമാണ് ഫലം. തമിഴ്‌നാട്ടില്‍ ജനിക്കേണ്ടായിരുന്നു. കേരളത്തില്‍ ജനിച്ചാല്‍ മതിയായിരുന്നു. വേറെ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ കൊടുക്കുന്ന റിവ്യൂ കണ്ട് സിനിമ കാണേണ്ട അവസ്ഥയാണ് ഞങ്ങള്‍ക്ക് ”

തമിഴന്റെ പടം ആദ്യം കാണേണ്ടത് തമിഴന്‍ തന്നെയെല്ലേ എന്ന ചോദ്യവും അവരില്‍ നിന്നുണ്ടാകുന്നു. മുന്‍പ് അജിത്തിന്റെ സിനിമയുടെ റിലീസ് ദിവസം ആരാധകരുടെ അതിരു കവിഞ്ഞ ആഘോഷത്തിനിടയില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണത്രേ റിലീസ് 9 മണിക്ക് മതിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതിയും ആ തീരുമാനം ശരിവെക്കുകയായിരുന്നു. ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ ആരാധകര്‍ തിയേറ്ററിലെ കസേരകള്‍ തകര്‍ത്ത സംഭവവും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാന്‍സിനെ നിയന്ത്രിക്കാനാവില്ല എന്നതു കൊണ്ടാണത്രേ ചിത്രത്തിന്റെ പ്രീ റിലീസ് പോലും വേണ്ടെന്ന് വെച്ചത്.

Related posts:

Leave a Reply

Your email address will not be published.